Headlines

ആറന്മുള ക്ഷേത്രത്തിലെ ആചാരലംഘന വിവാദം; ദേവസ്വം ബോര്‍ഡാണ് കത്തിലൂടെ എല്ലാം അറിയിച്ചതെന്ന് തന്ത്രി

ആറന്മുള ക്ഷേത്രത്തിലെ ആചാരലംഘന വിവാദത്തില്‍ ദേവസ്വം ബോര്‍ഡാണ് കത്തിലൂടെ എല്ലാം അറിയിച്ചതെന്ന് തന്ത്രി പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരിപ്പാട്. അറിഞ്ഞാല്‍ ഇടപെടേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്നും തന്ത്രി പറഞ്ഞു. നിലപാട് വ്യക്തമാക്കിയത് ദേവന് നേദിക്കും മുന്‍പ് , അഷ്ടമി രോഹിണി വള്ളസദ്യ മന്ത്രിക്ക് വിളമ്പിയെന്ന വിവാദത്തില്‍.

ഔദ്യോഗികമായിട്ട് ആദ്യമൊരു കത്ത് തന്നു. അതില്‍ സമയത്തെ കുറിച്ച് വ്യക്തതയില്ലായിരുന്നു. ആദ്യം തന്ന കത്തിന് തിരിച്ച് ഞാമന്‍ മറുപടി കൊടുത്തപ്പോള്‍ ഓരോ വിഷയങ്ങളും ചൂണ്ടിക്കാട്ടി അത് എപ്പോഴൊക്കെ നടന്നു എന്നതിന് മറുപടി കിട്ടിയപ്പോള്‍ ആണ് അവിടെ എന്താണോ വേണ്ടിയിരുന്നത്, അപ്രകാരമല്ല എന്നുള്ളത് എനിക്ക് ബോധ്യം വന്നത്. എന്നെ ആരെങ്കിലും അറിയിക്കാതെ ഞാന്‍ എങ്ങനെയാണ് അറിയുക. തേവര്‍ക്ക് വേണ്ടിയുള്ള വിഷയത്തില്‍ കൃത്യമായ നിലപാട് എടുക്കുക എന്നത് തന്ത്രിയുടെ ഉത്തരവാദിത്തമാണ്. എന്നെ അറിയിച്ച സ്ഥിതിക്ക് അതില്‍ ഇടപെട്ടല്ലെ പറ്റുകയുള്ളു – അദ്ദേഹം പറഞ്ഞു.

ആചാരലംഘനം നടന്നെന്ന് കാട്ടി ദേവസ്വം ബോര്‍ഡിന് തന്ത്രി കത്ത് നല്‍കിയിരുന്നു. പരിഹാരക്രിയ ചെയ്യണമെന്നായിരുന്നു നിര്‍ദേശം. മന്ത്രി പി പ്രസാദിനും വി എന്‍ വാസവനും ദേവന് നേദിക്കുന്നതിന് മുന്‍പ് വള്ളസദ്യ നല്‍കിയെന്നായിരുന്നു ആരോപണം. അഷ്ടമി രോഹിണി വള്ളസദ്യയുടെ നടത്തിപ്പുകാരായ പള്ളിയോട സേവാ സംഘത്തിലെ മുഴുവന്‍ പേരും ക്ഷേത്രോപദേശക സമിതി അംഗങ്ങളും ഭരണ ചുമതലയിലുള്ള ദേവസ്വം അസിസ്റ്റന്റ് കമ്മീഷണറും ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസറും ഉള്‍പ്പെടെ ദേവന് മുന്നില്‍ ഉരുളിവെച്ച് എണ്ണപ്പണം സമര്‍പ്പിക്കണമെന്നായിരുന്നു നിര്‍ദ്ദേശം. ഇത് രഹസ്യമായി അല്ലാതെ പരസ്യമായി ചെയ്യണമെന്നും നിര്‍ദ്ദേശമുണ്ട്.

വിവാദത്തില്‍ വിശദീകരണവുമായി സിപിഐഎം രംഗത്തെത്തിയിരുന്നു. ഭഗവാന് നേദിക്കുന്നതിന് മുന്‍പ് ദേവസ്വം മന്ത്രിക്ക് സദ്യ വിളമ്പി എന്നത് തെറ്റായ പ്രചാരണം എന്നാണ് വ്യക്തമാക്കിയത്. ഭക്തരെ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമമെന്നും പത്തനംതിട്ട ജില്ലാ കമ്മിറ്റി വിശദീകരണക്കുറിപ്പില്‍ വ്യക്തമാക്കി. ഭഗവാന്റെ പേരില്‍ കള്ളം പറഞ്ഞാല്‍ ഭഗവാന്‍ ഒരിക്കലും പൊറുക്കില്ലെന്ന് ഓര്‍ക്കണം എന്നും വിശദീകരണക്കുറിപ്പില്‍ സിപിഐഎം.