മാവോയിസ്റ്റ് നേതാവും കേഡറുകളും തോക്ക് താഴെ വച്ച് കീഴടങ്ങി. പൊളിറ്റ് ബ്യൂറോ അംഗം സോനു എന്ന മല്ലോജൊല വേണുഗോപാൽ റാവുവാണ് കീഴടങ്ങിയത്. 60 കേഡറുകളും തോക്ക് താഴെ വച്ച് കീഴടങ്ങി. മഹാരാഷ്ട്രയിലെ ഗച്ച് റോളിയിലാണ് മാവോയിസ്റ്റുകൾ കീഴടങ്ങിയത്.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും രാജ്യത്തുടനീളമുള്ള സംസ്ഥാന സർക്കാരുകളുടെയും നേതൃത്വത്തിൽ പൊലീസ് നടത്തിയ തുടർച്ചയായ ഓപ്പറേഷനുകളുടെ ഫലമായാണ് കീഴടങ്ങൽ നടന്നതെന്ന് ഔദ്യോഗിക വൃത്തങ്ങൾ ANIയോട് വ്യക്തമാക്കി.
സെപ്റ്റംബറിൽ സോനു ആയുധങ്ങൾ താഴെ വയ്ക്കാൻ സാധ്യതയുണ്ടെന്ന് സൂചിപ്പിച്ചുകൊണ്ട് ഒരു പത്രക്കുറിപ്പ് പുറത്തിറക്കിയിരുന്നു. ഛത്തീസ്ഗഢിലും രാജ്യത്തിന്റെ മറ്റിടങ്ങളിലുമുള്ള മാവോയിസ്റ്റ് കേഡറുകളുടെ ഒരു വലിയ വിഭാഗത്തിൽ നിന്ന് അദ്ദേഹത്തിന് പിന്തുണ ലഭിച്ചു.
പൊലീസ് പറയുന്നതനുസരിച്ച്, നിരവധി ഉപമേഖലാ ബ്യൂറോകളിൽ നിന്ന് സോനുവിന്റെ നിലപാടിന് പിന്തുണ ലഭിച്ചിട്ടുണ്ട്. താനും മറ്റ് നിരവധി പേരും വെടിനിർത്തലിന് തയ്യാറാണെന്ന് സൂചിപ്പിക്കുന്ന പ്രസ്താവനകൾ ഓഗസ്റ്റിൽ അദ്ദേഹം പുറത്തിറക്കിയിരുന്നതായും പോലീസ് അവകാശപ്പെട്ടു.
സോനുവിന്റെ കീഴടങ്ങൽ ഇന്ത്യയിലെ മാവോയിസ്റ്റ് പ്രസ്ഥാനത്തിന് കനത്ത പ്രഹരമാണെങ്കിലും, 2026 ഓടെ രാജ്യത്തുടനീളം തീവ്രവാദ പ്രസ്ഥാനത്തെ തുടച്ചുനീക്കുക എന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ലക്ഷ്യത്തിലെ വലിയ വിജയമായാണ് ഇതിനെ കാണുന്നതെന്നും ANI റിപ്പോർട്ട് ചെയ്യുന്നു.