Headlines

ഇരുട്ടറയിലെ 737 ദിവസത്തെ ദുരിതജീവിതത്തിന് ശേഷം അവര്‍ സ്വതന്ത്രര്‍; ഹമാസ് ബന്ദികളെ മോചിപ്പിച്ചുതുടങ്ങി

സമാധാനത്തിലേക്കുള്ള ആദ്യഘട്ടമായി, ഗസയില്‍ തടവിലാക്കിയ ഇരുപത് ഇസ്രയേലി ബന്ദികളെ കൈമാറി ഹമാസ്. രണ്ടായിരത്തോളം വരുന്ന പലസ്തീന്‍ തടവുകാരെ ഇസ്രയേലും ഉടന്‍ മോചിപ്പിക്കും. ബന്ദിമോചനത്തില്‍ വലിയ ആഹ്ലാദ പ്രകടനത്തിനാണ് ടെല്‍ അവീവ് സാക്ഷ്യം വഹിക്കുന്നത്. ഇതിനിടെ ഇസ്രയേലിലെത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡോണഡ് ട്രംപിന് ഊഷ്ടമള വരവേല്‍പ്പാണ് നല്‍കിയത്.ഉച്ചതിരിഞ്ഞ് ഈജിപ്തില്‍ നടക്കുന്ന സമാധാന ഉച്ചകോടിയില്‍ ലോകനേതാക്കള്‍ പങ്കെടുക്കും.

ഇരുട്ടറയിലെ 737 ദിവസത്തെ ദുരിത ജീവിതത്തിനൊടുവിലാണ് പ്രിയപ്പെട്ടവരുടെ അടുത്തേയ്ക്കുള്ള ഈ മടക്കം. ഇന്ത്യന്‍ സമയം രാവിലെ പത്തരയോടെയാണ് വടക്കന്‍ ഗസയില്‍ ഏഴ് ഇസ്രയേലി ബന്ദികളെ ഹമാസ് റെഡ്ക്രോസിന് കൈമാറിയത്. പിന്നീട് തെക്കന്‍ ഗസയില്‍ 13 ബന്ദികളേയും കൈമാറി. ഇരുപത് പേരെയും ഇസ്രയേലിലെ ആശുപത്രികളിലേക്കാണ് എത്തിക്കുന്നത്. ബന്ദി കൈമാറ്റം പൂര്‍ത്തിയായപ്പോള്‍ ടെല്‍ അവീവിലെ ഹോസ്റ്റേജസ് സ്‌ക്വയറില്‍ ആഹ്ലാദാരവം.

രണ്ട് വര്‍ഷം മുമ്പ്, ഒക്ടോബര്‍ ഏഴിനാണ്, ഇസ്രയേിലിനെ ഞെട്ടിച്ച ആക്രമണം നടന്നത്. ഇതിന് പിന്നാലെ 251 പേരെ ബന്ദികളാക്കിയത്. നേരത്തെ വെടിനിര്‍ത്തലിന്റെ ഭാഗമായി പ്രായമായവരേയും സ്ത്രീകലേയും കുഞ്ഞുങ്ങളേയും ഹമാസ് മോചിപ്പിച്ചിരുന്നു. ശേഷിച്ചവര്‍ 48 പേര്‍. ഇതില്‍ ജീവിച്ചിരിക്കുന്ന ഇരുപത് പേരെയാണ് ഇന്ന് മോചിപ്പിച്ചത്. കൊല്ലപ്പെട്ട 28 ബന്ദികളുടെ മൃതദേഹാവശിഷ്ടങ്ങളുടെ കൈമാറ്റം വൈകിയേക്കാം.

ഇസ്രയേലില്‍ തടവിലുള്ള രണ്ടായിരത്തോളം പലസ്തീന്‍കാരുടെ പേരുവിവരം ഹമാസ് പുറത്തുവിട്ടു.ഇതിനിടെ ഈജിപ്തിലെ ഷാം അല്‍ ഷെയ്ഖില്‍ അന്താരാഷ്ട്ര സമാധാന ഉച്ചകോടിയില്‍ പങ്കെടുക്കുന്നത് അമേരിക്കന്‍ പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ എത്തും. ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്,. ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മെര്‍, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ തുടങ്ങി 20 ലോകനേതാക്കള്‍ ഉച്ചകോടിയില്‍ പങ്കെടുക്കും. ഇന്ത്യയെ പ്രതിനിധീകരിച്ച് കേന്ദ്ര വിദേശകാര്യസഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിംഗ് സമാധാന ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്.