Headlines

ഗസ്സയില്‍ ബന്ദിമോചനം ഉടന്‍; ജീവിച്ചിരിക്കുന്ന 20 പേരെ കൈമാറും; ട്രംപ് ഇന്ന് ഇസ്രയേല്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യും

ഗസ്സയില്‍ ബന്ദിമോചനം ഉടന്‍. ജീവിച്ചിരിക്കുന്ന 20 ബന്ദികളെ ഹമാസ് കൈമാറും. ഇസ്രയേല്‍ പാര്‍മെന്റിനെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അഭിസംബോധന ചെയ്യും.ഹമാസ് ബന്ദികളെ മോചിപ്പിച്ച ശേഷം ഇസ്രയേല്‍ തടവില്‍ പാര്‍പ്പിക്കുന്ന പലസ്തീനികളേയും മോചിപ്പിക്കും. 2023 ഒക്ടോബര്‍ ഏഴിലെ ആക്രമണത്തെ തുടര്‍ന്ന് ബന്ദികളാക്കിയവരില്‍ ജീവിച്ചിരിക്കുന്ന 20 പേരെയാണ് ഹമാസ് വിട്ടുനല്‍കുന്നത്. രണ്ടായിരത്തോളം പലസ്തീന്‍ തടവുകാരെ ഇസ്രയേല്‍ മോചിപ്പിക്കും.

പിയാനിസ്റ്റ് അലണ്‍ ഓഹല്‍, സഹോദരങ്ങളായ ഏരിയല്‍, ഡേവിഡ് ക്യുനിയോ, ടെക്കി അവിനാതന്‍, ബാര്‍ കൂപേര്‍ഷ്ടെയ്ന്‍, എല്‍കാനാ ബോഹോബോട്ട്, എയ്തന്‍ ഹോണ്‍, ഏയ്തന്‍ മോര്‍, എവ്യാദര്‍ ഡേവിഡ്, ഇരട്ട സഹോദരന്മാരായ ഗലി ബെര്‍മാന്‍, സിവ് ബെര്‍മാന്‍, ഗെയ് ഗില്‍ബോ, മാക്‌സിം ഹെര്‍കിന്‍, മാതാന്‍ ആന്‍ഗ്‌റെസ്റ്റ്, മാതാന്‍ സാന്‍ഗുകേര്‍, നിംറോഡ് കോഹന്‍, ഒമ്‌റി മിറാന്‍, റോം ബ്രാസ്ലാവ്‌സ്‌കി, സെഗേവ് കാല്‍ഫോന്‍, യുസേഫ് ചെം ഒഹാന മുതലായ ബന്ദികള്‍ ജീവിച്ചിരിപ്പുള്ളതായി വിവരം പുറത്തുവന്നിരുന്നു.

ഗസ യുദ്ധം അവസാനിച്ചുവെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കി. ട്രംപ് ഇന്ന് ഇസ്രയേല്‍ പാര്‍മെന്റിനെ അഭിസംബോധന ചെയ്യും.ഈജിപ്തിലെ ഷാം അല്‍ ഷെയ്ഖില്‍ സമാധാന ഉച്ചകോടിയിലും പങ്കെടുക്കും.

മോചിപ്പിക്കപ്പെട്ട ബന്ദികളുമായും കുടുംബാംഗങ്ങളുമായും കൂടിക്കാഴ്ച നടത്തിയശേഷം ട്രംപ് ഈജിപ്തിലെ ഷാം അല്‍ ഷെയ്ഖില്‍ നടക്കുന്ന അന്താരാഷ്ട്ര സമാധാന ഉച്ചകോടിയില്‍ പങ്കെടുക്കും. ഇസ്രയേലും ഹമാസും ഉച്ചകോടിയില്‍ പങ്കെടുക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്, ഈജിപ്ത് പ്രസിഡന്റ് അബ്ദുള്‍ ഫത്താ അല്‍ സിസി, ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മെര്‍, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ തുടങ്ങി 20 ലോകനേതാക്കള്‍ ഉച്ചകോടിയില്‍ പങ്കെടുക്കും. സമാധാനവഴിയില്‍ എല്ലാവരും നീങ്ങണമെന്ന് ലിയോ മാര്‍പാപ്പ അഭ്യര്‍ത്ഥിച്ചു. ഇന്ത്യയെ പ്രതിനിധീകരിച്ച് കേന്ദ്ര വിദേശകാര്യസഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിംഗ് ഉച്ചകോടിയില്‍ പങ്കെടുക്കും.