Headlines

9 വയസുകാരിയുടെ കൈമുറിച്ചു മാറ്റിയ സംഭവം; KGMOA പ്രഖ്യാപിച്ച ഒ.പി ബഹിഷ്കരണം മാറ്റി

ചികിത്സാ പിഴവ് ആരോപണത്തിൽ പാലക്കാട് താലൂക്ക് ആശുപത്രിയിൽ ഡോക്ടേഴ്സിനെ സസ്പെൻഡ് ചെയ്തതിനെതിരെ കെ.ജി.എം.ഒ.എ. പ്രഖ്യാപിച്ച ഒപി ബഹിഷ്കരണം മാറ്റി. വിഷയം വിദഗ്ധ സമിതി അന്വേഷിക്കുമെന്ന് സർക്കാരിൽ നിന്ന് ഉറപ്പ് ലഭിച്ചതിനെ തുടർന്നാണ് തീരുമാനം. ഒമ്പതു വയസുകാരിയുടെ കൈ മുറിച്ചുമാറ്റിയ സംഭവത്തിലായിരുന്നു ഡോക്ടേഴ്സിനെതിരെ ആരോപണം.

പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സാപ്പിഴവ് ആരോപണത്തിൽ ഡോക്ടേഴ്സിന് വീഴ്ചയില്ലെന്നായിരുന്നു കെജിഎംഒഎയും ആശുപത്രി അധികൃതരും ആവർത്തിച്ച് പറഞ്ഞത്. എന്നാൽ പെൺകുട്ടിയുടെ കുടുംബം ആരോപണത്തിൽ ഉറച്ചു നിൽക്കുകയായിരുന്നു.

പാലക്കാട് ഒന്‍പത് വയസുകാരിയുടെ വലത് കൈ മുറിച്ച സംഭവത്തില്‍ ജില്ലാ ആശുപത്രിയ്ക്ക് ഗുരുതര വീഴ്ചയുണ്ടെന്ന് റിപ്പോർട്ട് വന്നിരുന്നു. ചികിത്സാ പിഴവ് വ്യക്തമാക്കുന്ന മെഡിക്കല്‍ രേഖകള്‍ ട്വന്റിഫോറിന് ലഭിച്ചിരുന്നു. സസ്‌പെന്‍ഷനിലായ ഡോക്ടര്‍മാരുടെ വീഴ്ച വ്യക്തമാക്കുന്ന മെഡിക്കല്‍ രേഖകളാണ് ലഭിച്ചത്.

കുട്ടിയുടെ മുറിവ് ഡോക്ടേഴ്‌സ് രേഖപ്പെടുത്തിയില്ല. ആന്റിബയോട്ടിക് മരുന്നുകള്‍ എഴുതിയില്ല. വേദന ഉണ്ടായിട്ടും ഇന്‍ഫെക്ഷന്‍ പരിശോധന നടത്തിയില്ലെന്നും മെഡിക്കല്‍ രേഖകള്‍ വ്യക്തമാക്കുന്നു. ബിപി പോലും പരിശോധിച്ചില്ലെന്നാണ് വ്യക്തമാകുന്നത്.

പരുക്ക് ഉണ്ടെന്നും വേദന ഉണ്ടെന്നും കുട്ടിയുടെ അമ്മ പറഞ്ഞിട്ടും കേസ്ഷീറ്റില്‍ ഇതൊന്നും ഇല്ല. കോഴിക്കോട് മെഡിക്കല്‍ കോളജിലെ രേഖയില്‍ പരുക്ക് വ്യക്തമാക്കുന്നുണ്ട്. മെഡിക്കല്‍ കോളജില്‍ എത്തിയപ്പോള്‍ തന്നെ ഇന്‍ഫെക്ഷന്‍ ചികിത്സ തുടങ്ങി എന്നും രേഖകള്‍ വ്യക്തമാക്കുന്നു.