പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവ് കാരണം ഒൻപതു വയസുകാരിയുടെ വലതു കൈ മുറിച്ചു മാറ്റേണ്ടി വന്ന സംഭവത്തിൽ വീഴ്ച ഉണ്ടെങ്കിൽ കർശന നടപടി എടുക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. സംസ്ഥാന ആരോഗ്യ ഡയറക്ടർ നേരിട്ട് പരിശോധന നടത്തി അടിയന്തിര റിപ്പോർട്ട് നൽകണമെന്ന്
മന്ത്രി നിർദേശം നൽകി.
പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സ പിഴവ് ആരോപണത്തിൽ പ്രതിഷേധം കടുപ്പിക്കാനാണ് കോൺഗ്രസിന്റെ തീരുമാനം. കുറ്റക്കാർക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും ഉൾപ്പടെ കത്ത് നൽകി. ആശുപത്രിക്ക് വീഴ്ച പറ്റിയിട്ടില്ലെന്നാണ് ഡിഎംഒക്ക് ലഭിച്ച പ്രാഥമിക റിപ്പോർട്ട്.
ഒന്‍പതു വയസ്സുകാരി പാലക്കാട് പല്ലശ്ശന സ്വദേശി വിനോദിനിയുടെ വലതു കൈയാണ് മുറിച്ചുമാറ്റേണ്ടി വന്നത്. സെപ്തംബര്‍ 24നാണ് സഹോദരനൊപ്പം കളിക്കുന്നതിനിടെ പെണ്‍കുട്ടിക്ക് വീണു പരിക്കേറ്റത്. തുടര്‍ന്ന് ചിറ്റൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജില്ലാ ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു.
ജില്ലാ ആശുപത്രിയില്‍ നിന്നും എക്‌സ് റേ എടുത്ത് പ്ലാസ്റ്റര്‍ ഇട്ട് വിട്ടയച്ചു. വേദന കൂടിയതോടെ 25ന് വീണ്ടും ചികിത്സ തേടി. കയ്യൊടിഞ്ഞാല്‍ വേദനയുണ്ടാവും എന്ന് പറഞ്ഞ് വീണ്ടും തിരിച്ചയച്ചു. അഞ്ച് ദിവസത്തിന് ശേഷം വന്നാല്‍ മതിയെന്ന് പറഞ്ഞാണ് മടക്കി അയച്ചത്. ആശുപത്രിയുമായി നിരന്തരം ബന്ധപ്പെടുമ്പോഴും ചികിത്സാ സൗകര്യം ഉറപ്പാക്കിയില്ലെന്ന് അമ്മ പ്രസീദ ട്വന്റിഫോറിനോട് പറഞ്ഞു. സ്ഥിതി ഗുരുതരമായതോടെ ജില്ലാ ആശുപത്രിയില്‍ നിന്നും കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു.