ശബരിമല സ്വര്‍ണക്കൊള്ളയിലെ രണ്ടാം എഫ്‌ഐആറില്‍ 2019ലെ ദേവസ്വം ബോര്‍ഡ് അംഗങ്ങളെ പ്രതിചേര്‍ത്തതില്‍ പ്രതികരണവുമായി എ പദ്മകുമാര്‍. തെറ്റുകാരാണെന്ന് കോടതി പറഞ്ഞാല്‍ ഏത് ശിക്ഷയും ഏറ്റുവാങ്ങുമെന്ന് പത്മകുമാര്‍ പറഞ്ഞു.
നിയമപരമായ ഉത്തരവാദിത്തം ബോര്‍ഡിനുണ്ട്. ഉദ്യോഗസ്ഥര്‍ക്കുള്ള ഉത്തരവാദിത്തം അവര്‍ക്കുമുണ്ട്. എനിക്ക് യാതൊരു ധൈര്യക്കുറവുമില്ല. അനധികൃതമായോ നിയമവിരുദ്ധമായോ ഒരു കാര്യം എന്റെ ബോര്‍ഡിന്റെ കാലത്ത് ഉണ്ടായിട്ടില്ല. ശബരിമല ക്ഷേത്രത്തിന് വിദുദ്ധമായി ഒരു കഴഞ്ച് പോലും തീരുമാനം എന്റോ ബോര്‍ഡിന്റെ കാലത്ത് ഉണ്ടായിട്ടില്ല. ഉണ്ടായിട്ടുണ്ടെങ്കില്‍ കോടതി പറയട്ടെ. അവിടെ മറുപടി പറയും. എന്റെ ഭാഗത്താണ് മുഴുവന്‍ പ്രശ്‌നമെങ്കില്‍ ഏറ്റെടുക്കാന്‍ തയാര്‍. ഞാന്‍ ഇവിടെ നെഞ്ച് വിരിച്ചു നില്‍ക്കുകയല്ലേ – അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ നേതാവും ചില മാധ്യമങ്ങളും കളിച്ചതെല്ലാം വെളിയില്‍ വന്നു. നിയമപരമായ ബാധ്യത നിറവേറ്റേണ്ടത് ഉദ്യോഗസ്ഥരുടെ ചുമതലയാണ്. മാധ്യമങ്ങള്‍ ആക്രമിച്ചു കീഴ്‌പ്പെടുത്താന്‍ തീരുമാനിച്ചത് എന്നെ. നിയമവിരുദ്ധമായ ആചാരവിരുദ്ധമായ എന്റെ ബോര്‍ഡിന്റെ കാലത്ത് ഒന്നും ഉണ്ടായില്ല. താഴികക്കുടം കൊണ്ടുപോയ കാലത്ത് പ്രയാര്‍ ഗോപാലകൃഷ്ണന്‍ ആണെന്ന് വ്യക്തമായി അറിയാമായിരുന്നിട്ടും എന്റെ പേര് പറയുന്നു – അദ്ദേഹം പറഞ്ഞു.
ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ഒരു ആനുകൂല്യവും ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 2007ലാണ് പോറ്റി ശബരിമലയില്‍ എത്തുന്നത്. കീഴ്ശാന്തിയുടെ സഹായിയായാണ് എത്തുന്നത്. അതിന് മുന്‍പ് ജലഹള്ളി ക്ഷേത്രത്തിലായിരുന്നു. അവിടെ ആരായിരുന്നു തന്ത്രി എന്നത് അന്വേഷിക്കണം. എല്ലാ കാര്യങ്ങളും പുറത്തു വരട്ടെ. ഒറ്റതിരിഞ്ഞുള്ള ആക്രമണം കൊണ്ട് ദുര്‍ബലപ്പെടുമെന്ന് ആരും കരുതണ്ട. ശബരിമലയില്‍ ഉണ്ടായ മുഴുവന്‍ കാര്യങ്ങളുടെയും ഉത്തരവാദിത്വം 2019ലെ ഭരണസമിതിക്ക് ആണോ. ഈ അവതാരങ്ങളെയെല്ലാം ശബരിമലയില്‍ എത്തിച്ചത് ഈ ഭരണസമിതി ആണോ – അദ്ദേഹം ചോദിച്ചു.
ഇതുവരെ അന്വേഷണസംഘം ബന്ധപ്പെട്ടിട്ടില്ലെന്നും എല്ലാം മാധ്യമങ്ങള്‍ പറഞ്ഞുള്ള അറിവ് മാത്രമെന്നും അദ്ദേഹം വ്യക്തമാക്കി.