താമരശേരിയിൽ വെട്ടേറ്റ ഡോക്ടർ വിപിൻ ആശുപത്രി വിട്ടു. കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഡോക്ടർ. ഡോക്ടറിന്റെ തലയ്ക്കായിരുന്നു വെട്ടേറ്റത്.
തലയോട്ടിയുടെ പുറമേയുള്ള ഭാഗത്തായിരുന്നു പരിക്ക്. എട്ടുസെന്റീമീറ്ററോളം ആഴത്തിലുള്ള മുറിവാണ് തലയിലുള്ളത്. മൈനർ സർജറിക്കുശേഷം അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചിരുന്നു .ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഡോക്ടർമാർ പറഞ്ഞിരുന്നു.
താമരശ്ശേരിയിൽ അമീബിക് മസ്തിഷ്ക ജ്വരം പിടിപെട്ട് മരിച്ച ഒൻപത് വയസ്സുകാരിയുടെ പിതാവ് സനൂപാണ് ഡോക്ടറെ വെട്ടിയത്. കുടുംബത്തിന് നീതി ലഭിച്ചില്ലെന്ന് ആരോപിച്ചായിരുന്നു ആക്രമണം. മകളെ കൊന്നില്ലേ എന്ന് ആക്രേശിച്ചായിരുന്നു ആക്രമണം നടത്തിയത്. സൂപ്രണ്ടിനെ ലക്ഷ്യംവെച്ച് ഇയാൾ എത്തിയെങ്കിലും ആ സമയം സൂപ്രണ്ട് മുറിയിൽ ഉണ്ടായിരുന്നില്ല. പിന്നീട് ഡോക്ടര്‍ വിപിനെ വെട്ടുകയായിരുന്നു.
ഡോക്ടറെ ആക്രമിച്ച സംഭവത്തിൽ അറസ്റ്റിലായ പ്രതി സനൂപിനെതിരെ വധശ്രമത്തിനാണ് കേസെടുത്തിട്ടുള്ളത്. വധശ്രമത്തിന് പുറമെ അതിക്രമിച്ചു കയറി ആക്രമിക്കുക, ആയുധം ഉപയോഗിച്ച് മര്‍ദിക്കുക എന്നീ വകുപ്പുകളും ആശുപത്രി സംരക്ഷണ നിയമത്തിലെ മൂന്ന്, നാല് വകുപ്പുകളും ചുമത്തിയിട്ടുണ്ട്.താമരശ്ശേരി ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ സനൂപിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.