Headlines

മൂന്ന് മണിക്കൂർ നീണ്ട ശസ്ത്രക്രിയ കഴിഞ്ഞു, ഷാഫി പറമ്പിലിനെ ഫോണിൽ വിളിച്ച് പ്രിയങ്ക ഗാന്ധി എംപി

ഷാഫി പറമ്പിൽ എഎംപിയെ പ്രിയങ്ക ഗാന്ധി എം പി ഫോണിൽ വിളിച്ചു. ആരോഗ്യ വിവരങ്ങൾ ആരാഞ്ഞു.ഷാഫിയുടെ മുക്കില്‍ രണ്ടു പൊട്ടലുണ്ട്. ശസ്ത്രക്രിയയ്ക്കും വിധേയനായി. മൂന്ന് മണിക്കൂർ എടുത്താണ് ശസ്ത്രക്രിയ നടന്നത്. അദ്ദേഹത്തെ ഇന്ന് വാർഡിലേക്ക് മറ്റും. ആരോഗ്യ നിലയിൽ പുരോഗതിയുണ്ടെന്നും വാർഡിലേക്ക് ഇന്ന് മാറ്റുമെന്നും ആശുപത്രി അധികൃതർ പറഞ്ഞു. കോൺഗ്രസ് പ്രവർത്തകർ അദ്ദേഹത്തെ സന്ദർശിക്കാനായി എത്തുന്നുണ്ട്.

അതേസമയം പേരാമ്പ്ര സംഘർഷത്തിൽ ഷാഫി പറമ്പിൽ എംപിക്ക് നേരെ ലാത്തിച്ചാർജ് നടത്തിയിട്ടില്ലെന്ന എസ്പിയുടെ വാദം പൊളിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ഷാഫിയെ ലാത്തി കൊണ്ട് പൊലീസ് അടിക്കുന്നതിന്റെ ദൃശ്യങ്ങൾ 24ന് ലഭിച്ചു. പൊലീസ് ലാത്തി വീശിയില്ലെന്നും പ്രകോപിതരായ യുഡിഎഫ് പ്രവര്‍ത്തകരെ പിരിച്ചുവിടാൻ കണ്ണീര്‍ വാതകമാണ് പ്രയോഗിച്ചതെന്നും ആണ് പൊലീസിന്‍റെ ഭാഗത്ത് നിന്നും ഇന്നലെയുണ്ടായ വിശദീകരണം.

അതിനിടയിലായിരിക്കാം ഷാഫിക്ക് പരിക്കേറ്റതെന്നായിരുന്നു പൊലീസ് പറഞ്ഞത്. എന്നാൽ പിന്നിൽ നിൽക്കുന്ന പൊലീസ് ഉദ്യോഗസ്ഥനാണ് ഷാഫിക്ക് നേരെ ലാത്തി വീശുന്നതെന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. ഷാഫിയുടെ തലയുടെ ഒരു ഭാഗത്തും മൂക്കിനും പരുക്കേറ്റിരുന്നു. പേരാമ്പ്രയിലെ സംഘർഷത്തിൽ ഷാഫി പറമ്പിൽ എംപിക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.

ഷാഫി പറമ്പിൽ, ഡിസിസി പ്രസിഡൻറ് പ്രവീൺകുമാർ ഉൾപ്പെടെ എട്ട് യുഡിഎഫ് നേതാക്കൾക്കെതിരെയും കണ്ടാലറിയാവുന്ന 692 പേർക്ക് എതിരെയുമാണ് കേസെടുത്തത്. മാരകായുധങ്ങൾ ഉപയോഗിച്ച് പൊലീസ് ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്നാണ് എഫ്ഐആര്‍. സംഭവത്തില്‍ എട്ട് എൽഡിഎഫ് പ്രവർത്തകർക്കെതിരെയും കേസെടുത്തിട്ടുണ്ട്.

പേരാമ്പ്ര സികെജി കോളജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കത്തിന് പിന്നാലെയാണ് യുഡിഎഫും എൽഡിഎഫും ഇന്നലെ വൈകീട്ട് പേരാമ്പ്രയിൽ റാലി സംഘടിപ്പിച്ചത്. റാലികൾ നേർക്കുനേർ വന്നതോടെ സംഘർഷമായി. ഇതിനിടെ പൊലീസിന്റെ ലാത്തി ചാർജിലും കണ്ണീർവാതക പ്രയോഗത്തിലുമാണ് പരുക്കേറ്റത്.

ഈ ചോര കൊണ്ടൊന്നും ശബരിമല സ്വർണ മോഷണം മറക്കാനാവില്ലെന്ന് ഷാഫി പറമ്പിൽ പ്രതികരിച്ചു. പൊലീസ് ഷാഫിയെ തെരഞ്ഞുപിടിച്ചു മർദിക്കുകയായിരുന്നുവെന്ന് ഡിസിസി അധ്യക്ഷൻ പ്രവീൺകുമാർ ആരോപിച്ചു.പരിക്കേറ്റ ഷാഫി പറമ്പിലിനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂക്കിന് പരിക്കേറ്റ എംപിയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. പൊലീസ് ലാത്തി ഉപയോഗിച്ച് ഷാഫി പറമ്പിലിനെ മർദിച്ചെന്ന് ഡിസിസി അധ്യക്ഷൻ കെ. പ്രവീൺകുമാർ പറഞ്ഞു.