Headlines

ശബരിമല സ്വര്‍ണ മോഷണ വിവാദം; പ്രത്യേക സംഘത്തെ നിയോഗിച്ച് സര്‍ക്കാര്‍; നടപടി ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന്

സര്‍ണപ്പാളി വിവാദത്തില്‍ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ച് സര്‍ക്കാര്‍. ഹൈക്കോടതി നിര്‍ദേശിച്ച അംഗങ്ങളെ ഉള്‍പ്പെടുത്തിയാണ് സര്‍ക്കാരിന്റെ ഉത്തരവ്. ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ എഡിജിപി എച്ച് വെങ്കിടേശിന്റെ നേതൃത്വത്തില്‍ ഒരു അന്വേഷണ സംഘത്തെ രൂപീകരിച്ചുകൊണ്ട് ഉത്തരവ് ഇറക്കിയിരുന്നു.

എച്ച് വെങ്കിടേഷ്, എസ്പി ശശിധരന്‍, രണ്ട് എസ്എച്ച്ഒമാര്‍, ഒരു എഎസ്‌ഐ എന്നിവരുള്‍പ്പെടുത്തിക്കൊണ്ടാണ് പ്രത്യേക സംഘത്തെ ഹൈക്കോടതി തന്നെ നിയമിച്ചത്. അവരെ നിലവിലുള്ള ഡ്യൂട്ടിയില്‍ നിന്ന് മാറ്റി പത്ത് മാസത്തെ അന്വേഷണത്തിന് വേണ്ടി നിയോഗിച്ച് ഉത്തരവിറക്കുകയും നാളെ കേസ് പരിഗണിക്കുമ്പോള്‍ അറിയിക്കുകയും വേണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘത്തെ നിയോഗിച്ചുള്ള ഉത്തരവ് ഇറക്കിയിരിക്കുന്നത്.

അതേസമയം, സ്വര്‍ണമോഷണത്തില്‍ ദേവസ്വം ആസ്ഥാനത്ത് നിര്‍ണായക മൊഴിയെടുപ്പ് നടക്കുകയാണ്. സ്വര്‍ണപ്പാളി അറ്റകുറ്റപ്പണി നടത്തിയ ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരിയുടെ മൊഴിയാണ് രേഖപ്പെടുത്തുന്നത്. സ്വര്‍ണ്ണ കവര്‍ച്ചയില്‍ നാളെയാണ് ദേവസ്വം വിജിലന്‍സ് ഹൈക്കോടതിയില്‍ പൂര്‍ണ്ണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. അതിനു മുന്നോടിയായിട്ടാണ് അവസാന നിമിഷം നിര്‍ണ്ണായക മൊഴിയെടുക്കല്‍.

ഉണ്ണികൃഷ്ണന്‍ പോറ്റി കൊണ്ട് വന്നത് ചെമ്പു പാളിയാണെന്നും,സ്വര്‍ണ്ണം പൂശിയതിലും പൊതിഞ്ഞതിലും തങ്ങള്‍ വീണ്ടും പണി ചെയ്യാറില്ലെന്നും നേരത്തെ സ്മാര്‍ട്ട് ക്രിയേഷന്‍സ് വ്യക്തമാക്കിയിരുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റി സ്വര്‍ണ്ണപ്പാളി മാറ്റിയെന്ന് സ്ഥിരീകരിക്കാന്‍ പങ്കജ് ഭണ്ടാരിയുടെ ഈ മൊഴി നിര്‍ണ്ണായകമാകും. സകല രേഖകളും തങ്ങളുടെ പക്കല്‍ ഉണ്ടെന്നും പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ എല്ലാം പറയുമെന്നും ദേവസ്വം പ്രസിഡന്റ് പറഞ്ഞു.

സ്വര്‍ണ മോഷണത്തില്‍ ഹൈക്കോടതി നിയോഗിച്ച ജസ്റ്റിസ് കെ ടി ശങ്കരന്‍ ശനിയാഴ്ച ആറന്മുളയിലെയും,ശബരിമലയിലെയും സ്‌ട്രോങ്ങ് റൂമുകള്‍ പരിശോധിക്കും. തിരുവനന്തപുരത്തു മടങ്ങിയെത്തിയ ഉണ്ണികൃഷ്ണന്‍ പോറ്റി സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയതുള്‍പ്പടെ യാത്ര വിവരങ്ങള്‍ എസ്‌ഐടി ശേഖരിച്ചു തുടങ്ങിയിട്ടുണ്ട്.