തന്റെ നിര്‍ദേശപ്രകാരമല്ല, 2019-ല്‍ ദ്വാരപാലക ശില്‍പത്തിലെ പാളികള്‍ അറ്റകുറ്റപ്പണിയ്ക്കായി കൊണ്ടുപോയതെന്ന് ശബരിമല മുന്‍ തന്ത്രി കണ്ഠരര് രാജീവര്. അറ്റകുറ്റപ്പണികള്‍ നടത്തണം എന്നു പറഞ്ഞ് ഇങ്ങോട്ട് കത്ത് തന്നു. അതിന് മറുപടി നല്‍കുക മാത്രമാണ് ചെയ്തതതെന്നും കണ്ഠരര് രാജീവര് പറഞ്ഞു. വിജയ് മല്യ ശബരിമലയില്‍ സമര്‍പ്പിച്ചത് സ്വര്‍ണം തന്നെയെന്നും കണ്ഠരര് രാജീവര് വ്യക്തമാക്കി.
എന്നും ഈ വിവാദങ്ങള്‍ വരുന്നത് അയ്യപ്പ വിശ്വാസികളെ സംബന്ധിച്ചിടത്തോളം വേദനാജനകമായ കാര്യമാണ്. അറ്റകുറ്റപ്പണി ചെയ്യണമെന്ന് ഞാന്‍ അങ്ങോട്ട് ആവശ്യപ്പെട്ടതല്ല. ഇതുമായി ബന്ധപ്പെട്ട് എനിക്ക് ഇങ്ങോട്ട് കത്ത് നല്‍കിയപ്പോള്‍ അതിന് മറുപടി കൊടുക്കുക മാത്രമാണ് ചെയ്തത്. കോടതിയുടെ അന്വേഷണ പരിധിയില്‍ നില്‍ക്കുന്ന കാര്യമാണ്. കൂടുതല്‍ ഒന്നും പറയാനില്ല. വിജയ് മല്യ സമര്‍പ്പിച്ചത് സ്വര്‍ണം തന്നെയാണ് – അദ്ദേഹം പറഞ്ഞു.
അതേസമയം, വിവാദസ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയ്ക്ക് വേണ്ടി മുരാരി ബാബു ഇടപെട്ടതിന്റെ തെളിവ് ട്വന്റിഫോറിന് ലഭിച്ചു. കഴിഞ്ഞ വര്‍ഷം ദ്വാരപാലക പീഠം ഉണ്ണികൃഷ്ണന്‍ പോറ്റി വഴി സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ എത്തിക്കാന്‍ നീക്കം നടത്തി. ദേവസ്വം ബോര്‍ഡിനെ അറിയിക്കും മുന്‍പ് അന്ന് എക്‌സിക്യുട്ടീവ് ഓഫീസര്‍ ആയിരുന്ന മുരാരി ബാബു ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന് കത്ത് അയച്ചു.
ഉണ്ണികൃഷ്ണന്‍ പോറ്റിയ്ക്ക് ശബരിമലയില്‍ വഴി വിട്ട ഇടപെടലിനു മുരാരി ബാബു മുന്‍പും അവസരം ഒരുക്കിയെന്നു ദേവസ്വം വിജിലന്‍സ് കണ്ടെത്തി. ഉണ്ണകൃഷ്ണന്‍ പോറ്റിയുടെ കൈയില്‍ ദ്വാരപാലക പീഠം കൊടുത്തുവിടാന്‍ നിര്‍ദേശം നല്‍കിയത് മുരാരി ബാബു ആണെന്ന് തെളിയിക്കുന്നതാണ് സ്മാര്‍ട്ട് ക്രിയേശഷന്‍സ് തിരിച്ചയച്ച കത്തില്‍ വ്യക്തമാണ്.






