ആള്‍ക്കൂട്ട അപകമുണ്ടായ കരൂരില്‍ തമിഴക വെട്രി കഴകം അധ്യക്ഷന്‍ വിജയ് തിങ്കളാഴ്ച സന്ദര്‍ശനം നടത്തിയേക്കും. സന്ദര്‍ശനത്തിലൂടനീളം കനത്ത സുരക്ഷയൊരുക്കണമെന്നാണ് വിജയ് പൊലീസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ഇന്ന് ചേര്‍ന്ന ടിവികെ ഓണ്‍ലൈന്‍ യോഗത്തിലാണ് തിങ്കളാഴ്ച കരൂരിലെത്താന്‍ താത്പര്യപ്പെടുന്നതായി വിജയ് അറിയിച്ചത്. കരൂരില്‍ നിന്നുള്ള പാര്‍ട്ടി നേതാക്കളോട് മരിച്ചവരുടെ കുടുംബാംഗങ്ങളേയും പരുക്കേറ്റവരേയും കാണാനുള്ള സ്ഥലം തീരുമാനിക്കാന്‍ വിജയ് നിര്‍ദേശിച്ചു. കരൂര്‍ സന്ദര്‍ശിക്കാന്‍ ഇന്നലെ വിജയ് പൊലീസിനോട് അനുമതി തേടിയിരുന്നു. സമയവും സ്ഥലവും തീരുമാനിച്ച് അറിയിക്കാനായിരുന്നു ഡിജിപിയുടെ ഓഫീസില്‍ നിന്നുള്ള മറുപടി.
സന്ദര്‍ശനത്തിലുടനീളം കനത്ത സുരക്ഷയൊരുക്കണമെന്നാണ് വിജയ് ആവശ്യപ്പെടുന്നത്. ടൂവീലറില്‍ പോലും ആരും പിന്തുടരാന് അനുവദിക്കരുത്. തിരുച്ചിറപ്പള്ളി വിമാനത്താവളത്തില്‍ സായുധ പോലീസ് സംഘത്തെ നിയോഗിക്കണം. കരൂരിലെ വേദിക്ക് ചുറ്റും ഒരു കിലോമീറ്റര്‍ സുരക്ഷാ ഇടനാഴിയുണ്ടാക്കണം. മാധ്യമപ്രവര്‍ത്തകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണം തുടങ്ങിയവയാണ് വിജയ്യുടെ ആവശ്യം. വിചിത്രമായ ആവശ്യങ്ങളാണ് വിജയ് മുന്നോട്ട് വയ്ക്കുന്നതെന്ന നിലപാടിലാണ് പൊലീസ്.