Headlines

ശബരിമല സ്വർണ മോഷണം; ശ്രീകോവിലിന്റെ കട്ടിളയും ചെമ്പെന്ന് മഹസർ, ഒപ്പിട്ടത് മുരാരി ബാബു അടക്കമുള്ള ഉദ്യോഗസ്ഥർ

ശബരിമല സ്വർണമോഷണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ശ്രീകോവിലിന്റെ കട്ടിളയും ചെമ്പെന്ന് മഹസർ. ദേവസ്വം മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു അടക്കമുള്ള ഉദ്യോഗസ്ഥരാണ് രേഖയിൽ ഒപ്പിട്ടിരിക്കുന്നത്. 2019 മെയ് 18 നു തയ്യാറാക്കിയ രേഖ ലഭിച്ചു. ചെമ്പ് എന്ന് രേഖപ്പെടുത്തിയാണ് സ്വർണ്ണം പൂശാൻ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറിയത്.

നേരത്തെ കട്ടിള ഉണ്ണികൃഷ്ണൻ പോറ്റിയെ ഏൽപ്പിക്കുന്നതുമായി ബന്ധപ്പെട്ട ഉത്തരവ് പുറത്തുവന്നിരുന്നു. 2019 മാർച്ചിൽ കട്ടിള സ്വർണം പൂശുന്നതിന് ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറണമെന്ന ഉത്തരവ് ലഭിച്ചു. കട്ടിളയുടെ ചെമ്പ് പാളികൾ സ്വർണ്ണം പൂശാൻ ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് കൈമാറുന്നുവെന്ന് ഉത്തരവിൽ രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ 1999ൽ തന്നെ വിജയ് മല്ല്യ ഈ കട്ടിളയിൽ സ്വർണം പൂശിയെന്നാണ് സെന്തിൽനാഥ് ഉൾപ്പെടെയുള്ളവരുടെ പ്രതികരണം.

ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണപ്പാളികൾ കൈമാറുന്നതിന് മുൻപ് തന്നെ കട്ടിളയിലെ സ്വർണപാളികൾ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറി. 2019 ജൂലൈ 20നാണ് ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണപാളികൾ ഉണ്ണികൃഷ്ണൻ പോറ്റിക്ക് നൽകുന്നത്. ശ്രീകോവിലിന്റെ സ്വർണം പൂശി പുതിയതായി സ്ഥാപിക്കുമ്പോൾ വാതിലിന്റെ കട്ടിളകളിൽ പൊതിഞ്ഞിരിക്കുന്ന ചെമ്പ് പാളികൾ കൂടി സ്വർണം പൂശുന്നതിന് അഭികാമ്യമാണെന്ന് കണ്ടതിനാൽ ചെമ്പ് പാളികൾ സ്വർണം പൂശി നൽകാൻ ഉണ്ണികൃഷ്ണൻ പോറ്റി സമ്മതം അറിയിച്ചതായി ഉത്തരവിൽ പറയുന്നു.