Headlines

ശബരിമല സ്വർണ്ണ മോഷണം; വിരമിച്ച രണ്ട് ഉദ്യോ​ഗസ്ഥർക്കെതിരെ നടപടി; വിരമിക്കൽ ആനുകൂല്യം തടയാൻ നിർദേശിക്കും

ശബരിമല സ്വർണ്ണ മോഷണത്തിൽ കൂടുതൽ പേർക്കെതിരെ നടപടി. വിരമിച്ച മറ്റ് രണ്ട് പേർക്കെതിരെയാണ് ദേവസ്വം നടപടി. മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ്, തിരുവാഭരണം കമ്മീഷണർ കെഎസ് ബൈജു എന്നിവർക്കെതിരെയാണ് നടപടി. വിരമിക്കൽ ആനുകൂല്യം തടയാൻ ദേവസ്വം കമ്മീഷണറോട് നിർദ്ദേശിക്കും. ഇതുവരെ കൈപ്പറ്റിയ വിരമിക്കൽ ആനുകൂല്യങ്ങൾ തിരിച്ചുപിടിക്കാനും ആലോചന.

ഉദ്യോ​ഗസ്ഥ വീഴ്ചയുണ്ടായെന്ന് ദേവസ്വം വിജിലൻസിന്റെ പ്രാഥമിക റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. അന്നത്തെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ആയിരുന്ന മുരാരി ബാബു, തിരുവാഭരണ കമ്മീഷണർ കെ എസ് ബൈജു ,എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് എന്നിവർക്കെതിരെയായിരുന്നു വിജിലൻസ് റിപ്പോർട്ട്.

നേരത്തെ അന്നത്തെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ആയിരുന്ന മുരാരി ബാബു സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. 2019 ൽ സ്വർണ്ണ പാളി ചെമ്പ് പാളി എന്ന് റിപ്പോർട്ട് എഴുതിയത് മുരാരി ബാബു ആണ്. 2025 ൽ സ്വർണ്ണ പാളി ഉണ്ണികൃഷ്ണൻ പോറ്റിയുടെ കയ്യിൽ കൊടുത്തുവിടണമെന്ന് മുരാരി ബാബു ഫയലിൽ നിർദേശിച്ചിരുന്നു. നിലവിൽ ദേവസ്വം ഡെപ്യൂട്ടി കമ്മീഷണറാണ് മുരാരി ബാബു. ദ്വാരപാലക ശിൽപ്പങ്ങൾ ചെമ്പ് തകിട് എന്ന് തെറ്റായി രേഖപ്പെടുത്തി ഗുരുതര വീഴ്ചവരുത്തിയെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഉത്തരവിൽ പറയുന്നു.