ശബരിമല സ്വർണമോഷണത്തിൽ, 2019 ലെ ഭരണസമിതിയെ പ്രതിക്കൂട്ടിലാക്കി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരായ നടപടി ബോർഡ് ചർച്ച ചെയ്യും. വ്യവസ്ഥ ഇല്ലായ്മ 2019 ൽ നടന്നതാണ്. ഭഗവാന്റെ ഒരു തരി പൊന്ന് ആരെടുത്താലും ശിക്ഷിക്കപ്പെടണമെന്നും പി എസ് പ്രശാന്ത് പറഞ്ഞു.
ദേവസ്വം ബോർഡ് ആവശ്യപ്പെട്ടത് പ്രകാരമാണ് അന്വേഷണം തീരുമാനിച്ചത്. അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു. വിജിലൻസ് റിപ്പോർട്ട് ദേവസ്വം ബോർഡ് യോഗം ചർച്ച ചെയ്യുമെന്ന് പി എസ് പ്രശാന്ത് പറഞ്ഞു. ശബരിമല തീർത്ഥാടന കാലം തുടങ്ങാറായി. എത്രയും പെട്ടെന്ന് അന്വേഷണം നടത്തി നിലപാട് സ്വീകരിക്കണം. ശബരിമലയിലെ സ്വർണ ദുരുഹതയുടെ ചരുൾ അഴിയുമെന്ന് അദേഹം വ്യക്തമാക്കി.
ഞങ്ങൾക്ക് മറയ്ക്കാൻ ഒന്നും ഇല്ല. അന്വേഷണം നടത്തുക എന്നതാണെന്നും അത് നടക്കട്ടെയെന്നും പിഎസ് പ്രശാന്ത് പറഞ്ഞു. ആദ്യം ആരോപണം ഉന്നയിക്കുന്നത് ഉണ്ണികൃഷ്ണൻ പോറ്റി ആണല്ലോ. ഉണ്ണികൃഷ്ണൻ പോറ്റി ദുരുഹത നിറഞ്ഞ വ്യക്തിയാണ്. സ്വർണം തന്നു വിടണമെന്ന് ഉണ്ണികൃഷ്ണൻ പോറ്റി തങ്ങളോടും പറഞ്ഞു. തങ്ങൾ കൊടുത്തില്ലെന്ന് പിഎസ് പ്രശാന്ത് വ്യക്തമാക്കി.
ഞങ്ങൾക്ക് ആരെയും ന്യായീകരിക്കേണ്ടത് ഇല്ല. ത ൻ്റെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തുന്നു. അത് എന്തിനാണ്. താൻ പ്രതിയാണെങ്കിൽ നടപടി എടുക്കട്ടെയെന്ന് പിഎസ് പ്രശാന്ത് പറഞ്ഞു. 18 സ്ട്രോങ്ങ് റും ഉണ്ടെന്നും എല്ലാ റൂമിലും കയറി പരിശോധിച്ചുവെന്നും അദേഹം പറഞ്ഞു. കൃത്യം കണക്ക് തിരുവാഭരണ കമ്മീഷൻ്റെ കൈയ്യിൽ ഉണ്ട്. നടപടിക്രമം പാലിച്ചിട്ടില്ല എന്ന് പറയാൻ കഴിയില്ല. കൃത്യമായ നടപടി ക്രമങ്ങൾ പാലിച്ച് തന്നെയാണ് സ്വർണപാളി നൽകിയതെന്ന് അദേഹം പറഞ്ഞു.
ഉപ്പ് തിന്നവർ വെള്ളം കുടിക്കണം. അതിൽ ഒരു വിട്ടുവീഴ്ചയും ഇല്ല. ശബരിമല സ്പോൺസർഷിപ് വിജിലൻസ് കൂടി പരിശോധിക്കാനാകുമോ എന്നാണ് ആലോചിക്കുന്നതെന്ന് പിഎസ് പ്രശാന്ത് കൂട്ടിച്ചേർത്തു. കൊല്ലം ശാസ്താംകോട്ട ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലെ സ്വർണപ്പാളി വിവാദത്തിലും പി എസ് പ്രശാന്ത് പ്രതികരിച്ചു. കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് കൊടി മരത്തിന് ചെമ്പ് പാളി മതിയെന്ന് തീരുമാനിച്ചത്. സ്വർണം സ്ട്രോങ്ങ് റൂമിൽ ഉണ്ടെന്നും പി എസ് പ്രശാന്ത് പറഞ്ഞു.