‘വിശ്വാസികളെ വഞ്ചിച്ചു’; ദേവസ്വം മന്ത്രി രാജിവെക്കണമെന്ന് വിഡി സതീശൻ; ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്ന് മന്ത്രി പി രാജീവ്

സ്വർണ്ണപ്പാളി വിവാദത്തിൽ ഇന്നും നിയമസഭ പ്രക്ഷുബ്ധം. ദേവസ്വം മന്ത്രി രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആവശ്യപ്പെട്ടു. സർക്കാരിനെതിരെ പ്രതിഷേധവുമായി പ്രതിപക്ഷം നടുത്തളത്തിൽ ഇറങ്ങി. ചോദ്യോത്തര വേള പ്രതിപക്ഷം തടസ്സപ്പെടുത്തി. രാജി വെക്കൂ, പുറത്തു പോകൂ എന്ന മുദ്രവാക്യവുമായി പ്രതിപക്ഷം പ്രതിഷേധം നടത്തി. അതേസമയം പ്രതിപക്ഷ പ്രതിഷേധത്തിനെതിരെ വിമർശനവുമായി ഭരണപക്ഷം രം​ഗത്തെത്തി. പ്രതിപക്ഷം കാണിക്കുന്ന ജനാധിപത്യ വിരുദ്ധ സമീപനമാണെന്ന് ഭരണപക്ഷം കുറ്റപ്പെടുത്തി.

ഹൈക്കോടതി വിധി ഞെട്ടിക്കുന്നതാണെന്നായിരുന്നു വിഡി സതീശന്റെ പ്രതികരണം. സ്വർണം പൂശിയ യഥാർത്ഥ ദ്വാരപാലക ശില്പം ഉയർന്ന നിരക്കിൽ വിൽപ്പന നടത്തിയെന്നാണ് കോടതി പറഞ്ഞത്. ലക്ഷക്കണക്കിന് വിശ്വാസികളെയാണ് വഞ്ചിച്ചിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിമർശിച്ചു. അതുകൊണ്ട് ഗൗരവതരമായ ആവശ്യം മുന്നോട്ടുവെക്കുന്നുവെന്നും ദേവസ്വം മന്ത്രി രാജിവെക്കണമെന്നും അദേഹം ആവശ്യപ്പെട്ടു. ദേവസ്വം ബോർഡ് പ്രസിഡണ്ടിനെ പുറത്താക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

അതേസമയം ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്ന മന്ത്രി പി രാജീവ് പറഞ്ഞു. ഹൈക്കോടതി വിധിയെ മാനിക്കാൻ പ്രതിപക്ഷം തയ്യാറല്ലെന്ന് മന്ത്രി കുറ്റപ്പെടുത്തി. ഉന്നത നീതിപീഠത്തിൽ പ്രതിപക്ഷത്തിന് വിശ്വാസം നഷ്ടപ്പെട്ടിട്ട് കുറേക്കാലമായെന്ന് മന്ത്രി എം ബി രാജേഷ് കുറ്റപ്പെടുത്തി. തുടർച്ചയായ തിരിച്ചടികളാണ് കാരണം. കോടതിയെ ഭയമാണ് നിയമസഭയെ ഭയമാണ് ചർച്ചയെ ഭയമാണ്. ഭീരുത്വം ആവർത്തിക്കപ്പെടുന്നുവെന്ന് മന്ത്രി എംബി രാജേഷ് പറഞ്ഞു.

സാധാരണക്കാരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്ന ചോദ്യോത്തരവേള നടത്തപ്പെടുത്തുന്നത് ശരിയല്ലെന്ന് കെഎം സച്ചിൻ ദേവ് എംഎൽഎ പറഞ്ഞു. പ്രധാന വിഷയം സഭയിൽ ചർച്ച ചെയ്യുമ്പോൾ പ്രതിപക്ഷം കാണിക്കുന്ന ഈ ജനാധിപത്യവിരുദ്ധ സമീപനം ജനങ്ങൾ കാണുന്നുണ്ട് എന്ന് ഓർക്കണം കെ കെ ശൈലജ പ്രതികരിച്ചു. പ്രതിപക്ഷ പ്രതിഷേധം ശക്തമായതോടെ ചോദ്യോത്തര വേള റദ്ദ് ചെയ്തു.