ശബരിമല സ്വർണപാളി വിവാദത്തിൽ പ്രതികരിച്ച് വിജയ് മല്ല്യ നിയോഗിച്ച സ്വർണം പൂശൽ വിദഗ്ധൻ സെന്തിൽ നാഥൻ. കാര്യങ്ങൾ ഒരു പോറ്റിയിൽ മാത്രം ഒതുങ്ങില്ല. കോടതിയുടെ ഇടപെടലിൽ സന്തോഷമുണ്ടെന്നും കേസുമായി ബന്ധപ്പെട്ട ശരിയും തെറ്റും പുറത്ത് വരുമെന്നും സെന്തിൽനാഥൻ പറഞ്ഞു.
സത്യം കണ്ടത്തേണ്ടതുണ്ട്. പ്രത്യേക അന്വേഷണത്തെ നിയമിച്ചത് നല്ല കാര്യമാണ്. ഒരാളെ മാത്രം കുറ്റപ്പെടുത്താനുള്ള സാഹചര്യം ഇപ്പോൾ നിലനിൽക്കില്ല. സ്വർണപ്പാളി കൊണ്ടുപോയ ആളാണോ, കൊടുത്തുവിട്ട ആളാണോ, ചെയ്ത വ്യക്തിയാണോ എന്നതിൽ വ്യക്തതയില്ല. ഒരു പോറ്റിയിൽ മാത്രം ഒതുങ്ങി നിൽക്കാൻ സാധ്യതയില്ല. എല്ലാവരും പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പറയുന്നത്. അന്വേഷണം കൃത്യമായി വന്നാൽ കൂടുതൽ ആളുകൾ വരുമെന്ന് സെന്തിൽനാഥൻ പറയുന്നു
സ്വർണപ്പാളി വിവാദത്തിൽ ഹൈക്കോടതി നിയോഗിച്ച പ്രത്യേക സംഘം അന്വേഷണത്തിലേക്ക് കടക്കും. എഡിജിപി എച്ച് വെങ്കിടേഷിന്റെ നേതൃത്വത്തിൽ എസ്ഐടി യോഗം ഈ ആഴ്ച നടക്കും. അന്വേഷ സംഘത്തിലെ മറ്റ് ഉദ്യോഗസ്ഥർക്ക് തിരുവനന്തപുരത്ത് എത്താൻ നിർദേശം. സ്വർണപ്പാളിയുമായി ബന്ധപ്പെട്ട രേഖകൾ ദേവസ്വം വിജിലൻസ് എസ്ഐടിക്ക് കൈമാറും. അതേസമയം സ്വർണപ്പാളി വിവാദത്തിൽ സർക്കാരിനെ കൂടുതൽ പ്രതിരോധത്തിലാക്കാനാണ് പ്രതിപക്ഷം തീരുമാനം. നിയമസഭയിൽ ഇന്നും പ്രതിഷേധം കടുപ്പിക്കും.