Headlines

‘ഉണ്ണികൃഷ്ണൻ പോറ്റിയുമായി ബന്ധമില്ല; ഇ-മെയിലിൽ ചോദിച്ചത് ഉപദേശം, അനുമതിയല്ല’; എൻ വാസു

ശബരിമല സ്വർണപ്പാളി വിവാ​ദത്തിൽ പ്രതികരണവുമായി ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ വാസു. ഉണ്ണികൃഷ്ണൻ പോറ്റിയുമായി ബന്ധമില്ല. സ്പോൺസർ എന്ന നിലയിൽ കണ്ടിട്ടുണ്ട്. താൻ ഉള്ള കാലത്ത് അല്ല ദ്വാരപാലക ശിൽപങ്ങൾ ഇളക്കി കൊണ്ടുപോകുന്നതും തിരികെ സ്ഥാപിക്കുന്നതും എന്ന് എൻ വാസു മാധ്യമങ്ങളോട് പറഞ്ഞു.

മെയിലിൽ ഉണ്ണികൃഷ്ണൻ പോറ്റി ചോദിച്ചത് അനുമതി അല്ല. ഉപദേശം ആണ് തേടിയതെന്ന് എൻ വാസു പറഞ്ഞു. മെയിൽ എൻ്റെ ഓർമയിൽ ഉണ്ടായിരുന്നില്ല. അതിനാലാണ് ആദ്യം ഇക്കാര്യം പറയാത്തത്. ഉണ്ണികൃഷ്ണൻ പോറ്റിയുടെ മെയിൽ കൈമാറിയത് സ്വഭാവിക നടപടിയാണ്. മെയിൽ വന്നാൽ അത് കീറിക്കളയാൻ അല്ല പഠിച്ചത്. എന്തിനാണ് അദേഹം മെയിൽ അയച്ചതെന്ന് അറിയില്ല. അത് അയാളോട് തന്നെ ചോദിക്കണം. കത്തനുസരിച്ച് സ്വർണം ദേവസ്വം ബോർഡിന്റേതല്ല. അത് ഉണ്ണികൃഷ്ണൻ പോറ്റിയുടേതാണ്. ഉണ്ണികൃഷ്ണൻ പോറ്റയുടെ പക്കൽ സ്വർണം ആണെന്ന നിലയിലാണ് വിലയിരുത്തിയതെന്ന് എൻ വാസു വ്യക്തമാക്കി.

ബാക്കി വന്ന സ്വർണം ഉപയോ​ഗിക്കുന്നതിൽ‌ തിരുവാഭരണ കമ്മീഷൻ അഭിപ്രായം തേടണം എന്ന് പറഞ്ഞാൽ എന്താണ് തെറ്റെന്ന് എൻ വാസു പറഞ്ഞു. മെയിലിന് നോട്ട് നൽകിയത് നടപടിക്രമങ്ങളാണ്. ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഉദ്ദേശത്തെക്കുറിച്ച് പറയേണ്ട ഉദ്യോഗസ്ഥർക്കാണ് താൻ നോട്ട് എഴുതിയത്. ഒരു മാസം മുൻപ് വരെ അയാളെ ഒരു സംശയത്തിൻ്റെ സാഹചര്യം ഇല്ലായിരുന്നു എന്നും അദേഹം പറഞ്ഞു. സ്വർണമായിരുന്നോ ചെമ്പായിരുന്നോ എന്ന് പറയാൻ ബുദ്ധിമുട്ടുണ്ട് ഉണ്ട്. കാഴ്ചയിൽ ഉള്ള അറിവ് മാത്രമേ ഉള്ളൂവെന്ന് എൻ വാസു കൂട്ടിച്ചേർത്തു.