ഫ്രാൻസിനെ ഞെട്ടിച്ച് വീണ്ടും രാജി. ഫ്രാൻസ് പ്രധാനമന്ത്രി സെബാസ്റ്റ്യൻ ലെകോർണു രാജിവച്ചു. പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി ഒരു മണിക്കൂർ കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് രാജി. പ്രധാനമന്ത്രിയായി 26 ദിവസങ്ങൾക്ക് ശേഷമാണ് സെബാസ്റ്റ്യൻ ലെകോർണുവിന്റെ ഞെട്ടിക്കുന്ന നീക്കം. മന്ത്രിസഭ പ്രഖ്യാപിച്ച് ഒരു ദിവസം തികയും മുമ്പാണ് സെബാസ്റ്റ്യൻ ലെകോർണുവിൻ്റെ രാജി.
ഫ്രാങ്കോയിസ് ബെയ്‌റൂവിന്റെ സർക്കാരിന്റെ പതനത്തെത്തുടർന്നാണ് ലെകോർണു പ്രധാനമന്ത്രിയായി നിയമിതനായത്. രണ്ട് വർഷത്തിനുള്ളിൽ അഞ്ച് പ്രധാനമന്ത്രിമാരാണ് രാജിവെച്ചൊഴിഞ്ഞത്. ഫ്രാൻസിലെ കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് രാഷ്ട്രീയ അസ്ഥിരത തുടരുന്നത്. ചെലവുചുരുക്കൽ നടപടികൾ ഫലവത്താകാത്തതിൽ പാർലമെൻ്റിനും അതൃപ്തിയുണ്ട്.
പ്രധാനമന്ത്രി സെബാസ്റ്റ്യൻ ലെകോർണുവിന്റെ രാജിയെത്തുടർന്ന് ദേശീയ അസംബ്ലി പിരിച്ചുവിടാൻ നാഷണൽ റാലി പ്രസിഡന്റ് ജോർദാൻ ബാർഡെല്ലയും ഇമ്മാനുവൽ മാക്രോണിനോട് ആവശ്യപ്പെട്ടു. “തിരഞ്ഞെടുപ്പിലേക്ക് മടങ്ങിവരാതെയും ദേശീയ അസംബ്ലി പിരിച്ചുവിടാതെയും സ്ഥിരതയിലേക്ക് തിരിച്ചുവരാൻ കഴിയില്ല” ജോർദാൻ ബാർഡെല്ല പറഞ്ഞു. അടുത്ത വർഷത്തെ ചെലവ് ചുരുക്കൽ ബജറ്റിന് പാർലമെന്റിന്റെ അംഗീകാരം നേടുക എന്നതായിരുന്നു പുതിയ പ്രധാനമന്ത്രിയുടെ മുന്നിലുള്ള അടിയന്തര വെല്ലുവിളി. ഫ്രാൻസ് ഉയർന്ന പൊതു കടവുമായി മല്ലിടുകയാണ്. ഔദ്യോഗിക കണക്കുകൾ പ്രകാരം കടം-ജിഡിപി അനുപാതം യൂറോപ്യൻ യൂണിയനിൽ ഗ്രീസിനും ഇറ്റലിക്കും ശേഷം മൂന്നാമത്തെ ഉയർന്ന നിരക്കാണ് ഫ്രാൻസിന്റേത്.
സമീപ വർഷങ്ങളിൽ, മാക്രോണിന്റെ സർക്കാരുകൾ പാർലമെന്ററി വോട്ടെടുപ്പില്ലാതെ തുടർച്ചയായി മൂന്ന് ബജറ്റുകൾ പാസാക്കാൻ ഭരണഘടനാ വ്യവസ്ഥകൾ ഉപയോഗിച്ചു. സാങ്കേതികമായി നിയമപരമാണെങ്കിലും പ്രതിപക്ഷം വ്യാപകമായി അപലപിച്ച ഒരു നീക്കമായിരുന്നു ഇത്. എന്നാൽ പ്രധാനമന്ത്രിയായി അധികാരമേറ്റ ലെകോർണു ഇത്തരമൊരു നീക്കത്തിന് ഇനിയില്ലേന്ന് പ്രഖ്യാപിച്ചു. നിയമനിർമ്മാതാക്കൾക്ക് ബില്ലിൽ വോട്ടുചെയ്യാൻ അനുവദിക്കുമെന്ന് ലെകോർണു പറഞ്ഞിരുന്നു. ഫ്രാൻസ് രാഷ്ട്രീയ പ്രതിസന്ധിയിൽ തുടരുന്നതിനിടെയാണ് രാജി.