Headlines

ബിഹാറിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ആം ആദ്മി പാർട്ടി

ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പുറത്തുവന്നതിന് പിന്നാലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ആം ആദ്മി പാർട്ടി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വാർത്താസമ്മേളനത്തിന് തൊട്ട് മുൻപാണ് പാർട്ടി സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. 11 മണ്ഡലങ്ങളിലായുള്ള സ്ഥാനാർഥികളുടെ ആദ്യഘട്ട പട്ടികയാണ് പുറത്തിറക്കിയിരിക്കുന്നത്.

ബെഗുസാരായിയിൽ ഡോ. മീര സിംഗ്, പൂർണിയ ജില്ലയിലെ കസ്ബ സീറ്റിൽ ഭാനു ഭാരതിയ, പട്‌നയിലെ ഫുൽവാരി സീറ്റിൽ അരുൺ കുമാർ രജക്, ബങ്കിപ്പൂരിൽ പങ്കജ് കുമാർ, മോത്തിഹാരിയിലെ ഗോവിന്ദ്ഗഞ്ചിൽ അശോക് കുമാർ സിംഗ്, ബക്‌സർ സീറ്റിൽ റിട്ട. ക്യാപ്റ്റൻ ധർമ്മരാജ് സിംഗ്, തരയ്യയിൽ അമിത് കുമാർ സിംഗ് എന്നിവരാണ് മത്സരിക്കുക.

ഞങ്ങളുടെ സഖ്യം ബീഹാറിലെ ജനങ്ങളുമായാണെന്നും ഒരു പാർട്ടിയുമായോ സഖ്യവുമായോ സഖ്യമുണ്ടാക്കില്ല എന്നും സംസ്ഥാനത്തെ ആം ആദ്മി പാർട്ടിയുടെ പകര ചുമതല വഹിക്കുന്ന അഭിനവ് റായ് വ്യക്തമാക്കി. ഡൽഹിയിലും പഞ്ചാബിലും നടപ്പിലാക്കിയ ഭരണ മാതൃക ബിഹാറിലും ആവർത്തിക്കാൻ കഴിയുമെന്ന് ആം ആദ്മി പാർട്ടിയുടെ സംസ്ഥാന ചുമതലയുള്ള അജേഷ് യാദവ് പത്രസമ്മേളനത്തിൽ പറഞ്ഞു.
അതേസമയം, 243 നിയമസഭ മണ്ഡലങ്ങൾ ഉള്ള ബിഹാറിൽ ഇത്തവണ രണ്ടു ഘട്ടമായാകും തിരഞ്ഞെടുപ്പ് നടക്കുക. ഛത്ത്പൂജ ആഘോഷങ്ങൾക്ക് ശേഷം ഒന്നാംഘട്ട വോട്ടെടുപ്പ് നവംബർ 6നും രണ്ടാംഘട്ട വോട്ടെടുപ്പ് 11 നടക്കും.നവംബർ 14 നാണ് ബിഹാറിലെ വോട്ടെണ്ണൽ നടക്കുക. ആദ്യഘട്ട നാമ നിർദ്ദേശ പത്രിക ഒക്ടോബർ 17 വരെയും രണ്ടാംഘട്ടം ഒക്ടോബർ 20 വരെയും സമർപ്പിക്കാം.

7.43 കോടി വോട്ടർമാരുള്ള ബീഹാറിൽ 90,712 പോളിംഗ് സ്റ്റേഷനുകളാണ് ഉണ്ടാകുക.എല്ലാ ബൂത്തുകളിലും 100% വെബ് കാസ്റ്റിങ്, ബൂത്തുകൾക്ക് പുറത്ത് മൊബൈൽ സമർപ്പിക്കാനുള്ള സൗകര്യം അടക്കം പുതിയ പരിഷ്കാരങ്ങൾ ബിഹാർ തിരഞ്ഞെടുപ്പ് മുതൽ നിലവിൽ വരും.