സ്വര്‍ണപ്പാളി അടിച്ചു മാറ്റിയത് ചിന്തിക്കാന്‍ പോലും പറ്റാത്ത കാര്യമെന്ന് മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി. ഇതിന്റെ ഉത്തരവാദിത്തം സര്‍ക്കാരിനാണ്. 2019 ന് ശേഷമാണ് ഇത് നടന്നതെന്നതില്‍ ഒരു സംശയവുമില്ലെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
സ്വര്‍ണപ്പാളി അടിച്ചുമാറ്റി എന്നു പറയുന്നത് ചിന്തിക്കാന്‍ പോലും കഴിയാത്ത കാര്യമാണ്. 2019ന് ശേഷമാണ് എന്നുള്ള കാര്യം ഉറപ്പാണ്. എന്നു പറഞ്ഞാല്‍ ഇതിന്റെ ഉത്തരവാദിത്തം ഈ ഗവണ്‍മെന്റിന് തന്നെയാണ് എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. അന്വേഷണം നടക്കട്ടെ. തട്ടിക്കൂട്ടിയ അന്വേഷണം കൊണ്ട് കാര്യമില്ലെന്ന് യുഡിഎഫ് പറഞ്ഞിട്ടുണ്ട്. കോടതി തന്നെ അന്വേഷണം നടത്തിക്കോട്ടെ. നിഷ്പക്ഷമായ അന്വേഷണം നടത്തി അതിന്റെ പവിത്രത സംരക്ഷിക്കട്ടെ – കുഞ്ഞാലിക്കുട്ടി പറഞ്ഞു.
അതേസമയം, ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ തുടര്‍ച്ചയായ രണ്ടാംദിവസവും സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ മൊഴിയെടുത്തു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് ദേവസ്വം ഇന്റലിജന്‍സാണ് മൊഴി രേഖപ്പെടുത്തിയത്. വിവാദങ്ങളില്‍ പ്രതികരിക്കാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റി തയ്യാറായില്ല. ശബരിമലയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകള്‍ കേന്ദ്രീകരിച്ചാണ് ഇന്നത്തെ മൊഴിയെടുപ്പ്. മൊഴിയെടുക്കേണ്ട ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവരുടെ പട്ടികയും തയ്യാറാക്കും. ഇതിനിടെ ദ്വാരപാലക ശില്‍പ്പത്തിലെ സ്വര്‍ണപ്പാളിയിലെ സ്വര്‍ണം ചെമ്പാക്കി രേഖപ്പെടുത്തിയ ദേവസ്വം നടപടിയിലെ വീഴ്ചകള്‍ പുറത്തുവന്നു. 2019ല്‍ കൈമാറ്റം നടക്കുമ്പോള്‍ മഹസ്സറില്‍ ഒപ്പിട്ടിരുന്നുവെന്ന് ശബരിമല മുന്‍മേല്‍ ശാന്തി വി എന്‍ വാസുദേവന്‍ നമ്പൂതിരി പറഞ്ഞു.






