ശബരിമല സ്വർണ്ണപ്പാളി വിവാദത്തിൽ വിജിലൻസിന് മുന്നിൽ ആരോപണങ്ങൾ നിഷേധിച്ച് ഉണ്ണികൃഷ്ണൻ പോറ്റി. തനിക്ക് ലഭിച്ചത് ചെമ്പു പാളി എന്ന് ആവർത്തിച്ച് ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴി. സംഭവിച്ചത് ഉദ്യോഗസ്ഥ വീഴ്ചയാണെന്നാണ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ വാദം. ഉദ്യോഗസ്ഥർ ചെമ്പുപാളി തന്നത് രേഖാമൂലമാണെന്നും ഉദ്യോഗസ്ഥ വീഴ്ചയിൽ തന്നെ എന്തിനു പഴിചാരണമെന്ന് ഉണ്ണികൃഷ്ണൻ പോറ്റി ചോദിച്ചു.
ദേവസ്വം മാന്വവലിനെ പറ്റി താൻ പിന്നീടാണ് അറിയുന്നതെന്നാണ് ഉണ്ണികൃഷ്ണൻ പോറ്റി പറയുന്നത്. ഇന്നലെയാണ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴി ദേവസ്വം വിജിലൻസ് രേഖപ്പെടുത്തിയിരുന്നത്. നാലു മണിക്കൂറോളം ഉണ്ണികൃഷ്ണൻ പോറ്റിയെ ചോദ്യം ചെയ്തു. അന്വേഷണത്തോട് പൂർണ്ണമായി സഹകരിക്കുമെന്നും അന്വേഷണസംഘത്തിന്റെ ചോദ്യങ്ങൾക്കെല്ലാം മറുപടി നൽകിയെന്നും ഉണ്ണികൃഷ്ണൻ പോറ്റി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എസ് പി സുനിൽകുമാറിന്റെ നേതൃത്വത്തിൽ ആയിരുന്നു മൊഴിയെടുപ്പ്.
ദേവസ്വം ബോർഡിനെ പ്രതിക്കൂട്ടിൽ നിർത്തുന്നതാണ് ഉണ്ണികൃഷ്ണൻ പോറ്റി യുടെ വാദങ്ങൾ. അതിൽ പ്രധാനപ്പെട്ടതാണ് ശബരിമലയിൽ നിന്നും ദേവസ്വം ബോർഡ് നൽകിയത് ചെമ്പു പാളികൾ ആണെന്ന വാദം. 1999-ൽ യുബി ഗ്രൂപ്പ് ചെയർമാൻ വിജയ് മല്യ സ്വർണം പൂശിയ ദ്വാരപാലക ശിൽപത്തിന്റെ അസൽ പാളികൾ എവിടെയെന്നതിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന് ഉത്തരമില്ല.
അതേസമയം വിഷയത്തിൽ പ്രാഥമികാന്വേഷണം നടത്താനുള്ള നിയമോപദേശം തേടിയിരിക്കുകയാണ് പൊലീസ്. നിയമോപദേശം ലഭിച്ചാൽ പത്തനംതിട്ട എസ്പിയുടെ നേതൃത്വത്തിൽ പ്രാഥമികാന്വേഷണം തുടങ്ങും. സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ദേവസ്വം ബോർഡും ഹൈക്കോടതിയെ സമീപിക്കും.