മേയർ ആര്യ രാജേന്ദ്രൻ കെഎസ്ആർടിസി ബസ് തടഞ്ഞ സംഭവത്തിൽ വക്കീൽ നോട്ടീസ് അയച്ച് ഡ്രൈവർ യദു. ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, പോലീസ് മേധാവി, അന്വേഷണ ഉദ്യോഗസ്ഥർ എന്നിവർക്കാണ് വക്കീൽ നോട്ടീസ് അയച്ചത്. രാഷ്ട്രീയ സ്വാധീനത്താൽ കേസ് അട്ടിമറിച്ചുവെന്നാണ് നോട്ടീസിൽ പറയുന്നത്.
ഒരു ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്നും, ഇല്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും നോട്ടീസിൽ പറയുന്നു. ആര്യ രാജേന്ദ്രനെയും ഭർത്താവ് സച്ചിൻ ദേവ് എംഎൽഎയെയും കുറ്റവിമുക്തരാക്കി അന്വേഷണ സംഘം റിപ്പോർട്ട് നൽകിയിരുന്നു.
ഏപ്രില്‍ 28ന് നടുറോഡില്‍ മേയർ കെഎസ്ആര്‍ടിസി ബസ് തടഞ്ഞതിനെ തുടർന്നു തര്‍ക്കമുണ്ടായ സംഭവം വലിയ വിവാദമായിരുന്നു.കെ.എസ്.ആര്‍.ടി.സി ബസ് ഡ്രൈവര്‍ യദു ലൈംഗിക ചേഷ്ട കാണിച്ചതിന് മേയര്‍ ആര്യ രാജേന്ദ്രനും ഭര്‍ത്താവും എംഎല്‍എയുമായ സച്ചിന്‍ദേവും ബന്ധുക്കളും നടുറോഡില്‍ ബസ് തടഞ്ഞ് തര്‍ക്കമുണ്ടായി. സംഭവം വിവാദമായതിനു പിന്നാലെ തനിക്ക് നേരെ ലൈംഗിക ചേഷ്ട കാണിച്ചുവെന്ന മേയറുടെ പരാതിയില്‍ യദുവിനെതിരെ കേസുമെടുത്തു. വാഹനം തടഞ്ഞുനിര്‍ത്തി തന്റെ ജോലി തടസപ്പെടുത്തി എന്നതുള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് യദു പരാതി നല്‍കിയത്.