Headlines

കരൂർ ദുരന്തം; പ്രത്യേക അന്വേഷണസംഘം ഇന്ന് അന്വേഷണം ആരംഭിക്കും, പൊലീസിൽ നിന്ന് രേഖകൾ കൈപ്പറ്റും

കരൂർ ദുരന്തത്തിൽ മദ്രാസ് ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണസംഘം ഇന്ന് അന്വേഷണം ആരംഭിച്ചേക്കും. കരൂർ പൊലീസിൽ നിന്ന് അന്വേഷണ രേഖകൾ കൈപ്പറ്റാൻ നോർത്ത് ഐജി അസ്ര ഗാർഗ് കരൂരിൽ എത്തുമെന്നാണ് വിവരം.

മുൻ‌കൂർ ജാമ്യപേക്ഷ ഹൈക്കോടതി തള്ളിയ സാഹചര്യത്തിൽ ടി വി കെ ജനറൽ സെക്രട്ടറി എൻ ആനന്ദ്, ജോയിന്റ് സെക്രട്ടറി സി ടി നിർമൽ കുമാർ എന്നിവരെ അറസ്റ്റ് ചെയ്തേക്കും. ഇവർ പൊലീസ് നിരീക്ഷണത്തിൽ ആണ്. പൊലീസിനെതിരെ വിമർശനം ഉണ്ടായെങ്കിലും കോടതി പരാമർശങ്ങളിൽ നേട്ടമുണ്ടായി എന്ന വിലയിരുത്തലിൽ ആണ് ഡിഎംകെ. സിബിഐ അന്വേഷണം എന്ന ടിവികെ അന്വേഷണം തള്ളാൻ ഇത് സഹായകമാകും എന്നാണ് കരുതുന്നത്. എന്നാൽ വിജയ്ക്ക് എതിരെ കേസ് എടുക്കുന്നതിൽ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഇനിയും പ്രതികരിച്ചിട്ടില്ല.

അതേസമയം, സ്വന്തം പാർട്ടിയുടെ പരിപാടിക്കെത്തിയ സ്ത്രീകളും കുട്ടികളും അടക്കം മരിച്ചുകിടക്കുമ്പോൾ നേതാവ് മുങ്ങി. ഇതെന്ത് നേതാവാണ്? ഇതെന്ത് പാർട്ടിയാണ്. കരൂർ അപകടത്തിൽ ടിവികെ അധ്യക്ഷൻ വിജയ്ക്കെതിരെ കേസെടുക്കണമെന്ന ഹർജി പരിഗണിച്ച മദ്രാസ് ഹൈക്കോടതി പ്രിൻസിപ്പൽ ബെഞ്ച് അതിരൂക്ഷവിമർശനമാണ് വിജയ്ക്ക് എതിരെ നടത്തിയത്. ഇതിനിടെ ദേശീയ സംസ്ഥാന പാതകളിൽ പാർട്ടി റാലികളും പരിപാടികളും നടത്തുന്നത് ഹൈക്കോടതി മധുരൈ ബഞ്ച് നിരോധിക്കുകയും ചെയ്തു.