Headlines

‘പാകിസ്താൻ ഭൂപടം തന്നെ മാറും, ഭീകരവാദത്തെ പിന്തുണച്ചാൽ ഓപ്പറേഷൻ സിന്ദൂറിൽ കാട്ടിയ സംയമനം ഇനി ഉണ്ടാകില്ല’: മുന്നറിയിപ്പുമായി ഇന്ത്യൻ കരസേനാ മേധാവി

പാകിസ്താനെതിരെ താക്കീതുമായി ഇന്ത്യൻ കരസേന മേധാവി. പാകിസ്താൻ ഭീകരവാദത്തെ പിന്തുണച്ചാൽ ശക്തമായ തിരിച്ചടി നൽകുമെന്ന് ജനറൽ ഉപേന്ദ്ര ദ്വിവേദി മുന്നറിയിപ്പ് നൽകി. ഓപ്പറേഷൻ സിന്ദൂറിൽ സ്വീകരിച്ച സംയമനം ഭാവിയിൽ ഉണ്ടാകില്ല എന്നും മുന്നറിയിപ്പ്. ഓപ്പറേഷൻ സിന്ദൂറിൽ പങ്കെടുത്ത സൈനികരെ അഭിനന്ദിക്കുന്ന ചടങ്ങിൽ ആയിരുന്നു കരസേന മേധാവിയുടെ പ്രതികരണം.

ഭീകരവാദത്തിനെതിരെയാണ് ഇന്ത്യയുടെ പോരാട്ടം. ലോക ചരിത്രത്തിലും ഭൂമിശാസ്ത്രത്തിലും ഒരു സ്ഥാനം നിലനിർത്താൻ പാകിസ്താൻ ആഗ്രഹിക്കുന്നുവെങ്കിൽ അത് സർക്കാർ സ്പോൺസർ ചെയ്യുന്ന ഭീകരവാദം അവസാനിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

അല്ലെങ്കിൽ ഭൂപടം തന്നെ മാറ്റേണ്ടി വരുമെന്ന താക്കീതും കരസേന മേധാവി നൽകി. ഭീകരതയെ സഹായിക്കുന്ന പാക് നിലപാട് ഇന്ത്യയുടെ ദേശീയ സുരക്ഷയെ ബാധിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. കൂടാതെ ഇന്ത്യൻ സൈനികർക്ക് പൂർണ പിന്തുണയുണ്ടെന്ന് ഉറപ്പ് നൽകി. രാജ്യത്തിന്റെ അഖണ്ഡത സംരക്ഷിക്കാൻ സൈന്യം എല്ലാ നിമിഷവും സജ്ജമാണെന്നും ജനറൽ ദ്വിവേദി വിവരിച്ചു.

ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്താൻ കേന്ദ്രീകരിച്ചുള്ള ഭീകരപ്രവർത്തനങ്ങൾക്ക് ശക്തമായ തിരിച്ചടി നൽകാൻ ഇന്ത്യക്കായി. ഇന്ത്യൻ സൈനികരുടെ ധൈര്യത്തെ അഭിനന്ദിക്കുന്നു. അതേസമയം ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യൻ യുദ്ധവിമാനങ്ങൾ പാകിസ്താന്‍ തകർത്തിട്ടില്ലെന്ന് വ്യോമ സേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ എ.പി സിങ് പറഞ്ഞിരുന്നു.

പാകിസ്താന്റെ അഞ്ച് യുദ്ധവിമാനങ്ങളെ ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ വെടിവെച്ച് വീഴ്ത്തിയെന്നും ഇന്ത്യയുടെ പ്രത്യാക്രമണത്തില്‍ പാകിസ്താന്റെ എഫ്-16 ഉള്‍പ്പെടെ വ്യോമതാവളങ്ങളില്‍ സൂക്ഷിച്ചിരുന്ന 10 യുദ്ധവിമാനങ്ങള്‍ തകര്‍ത്തുവെന്നുമായിരുന്നു എ.പി സിങ്ങിന്റെ വെളിപ്പെടുത്തൽ.