വിദേശത്ത് കേന്ദ്രസർക്കാരിനെ വീണ്ടും വിമർശിച്ച് രാഹുൽ. ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ ഭീഷണി ജനാധിപത്യത്തിനു നേരെയുള്ള ആക്രമണമാണ്. കൊളംബിയയിലെ ഇഐഎ സർവകലാശാലയിൽ നടന്ന സംവാദത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിൽ നിരവധി മതങ്ങളും പാരമ്പര്യങ്ങളും ഭാഷകളുമുണ്ട്. ജനാധിപത്യ സംവിധാനം എല്ലാവർക്കും ഇടം നൽകുന്നു.
എന്നാൽ ഇപ്പോൾ, ആ ജനാധിപത്യ സംവിധാനം എല്ലാ വശങ്ങളിൽ നിന്നും ആക്രമിക്കപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ ജനാധിപത്യം എല്ലാ വശത്തുനിന്നും ആക്രമിക്കപ്പെടുന്നു. വ്യത്യസ്ത അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനുള്ള സാഹചര്യം വേണം. 1.4 ബില്യൺ ജനങ്ങളുള്ള ഇന്ത്യയ്ക്ക് വളരെയധികം സാധ്യതകളുണ്ട്. എന്നാൽ ഇന്ത്യയ്ക്ക് ചൈനയിൽ നിന്ന് തികച്ചും വ്യത്യസ്തമായ ഒരു സംവിധാനമാണുള്ളത്. ഇന്ത്യയ്ക്ക് ലോകത്തിന് വേണ്ടി ഒരുപാട് കാര്യങ്ങൾ നൽകാൻ കഴിയുമെന്ന് ഗാന്ധി പറഞ്ഞു.
ഇന്ത്യയിൽ ചൈനയെക്കാൾ ജനസംഖ്യയുണ്ട്. ചൈനയുടെ കേന്ദ്രീകൃത സംവിധാനത്തിന് പകരം വികേന്ദ്രീകൃതവും വൈവിധ്യമാർന്നതുമായ സംവിധാനമാണ് ഇന്ത്യക്കുള്ളത്. ഇന്ത്യയുടെ സംവിധാനങ്ങൾ വളരെ സങ്കീർണമാണ്. ചൈനയിൽ നിന്ന് വ്യത്യസ്തമാണ് ഇന്ത്യയുടെ ശക്തി. ഇന്ത്യക്ക് പുരാതനമായ ആത്മീയവും പ്രത്യയശാസ്ത്രപരവുമായ പാരമ്പര്യമുണ്ടെന്നും അത് ഇന്നത്തെ ലോകത്ത് വളരെ ഉപകാരപ്രദമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
തെക്കേ അമേരിക്കൻ പര്യടനത്തിന്റെ ഭാഗമായി തിങ്കളാഴ്ചയാണ് രാഹുൽ ഗാന്ധി കൊളംബിയയിൽ എത്തിയത്. രാഷ്ട്രീയ നേതാക്കൾ, സർവകലാശാല വിദ്യാർഥികൾ, ബിസിനസുകാർ തുടങ്ങിയവരുമായി രാഹുൽ സംവദിക്കുന്നുണ്ട്. രാഹുൽ കൊളംബിയയിൽ എത്തിയതിന്റെ വീഡിയോ കോൺഗ്രസ് ഔദ്യോഗിക എക്സ് പേജിൽ പോസ്റ്റ് ചെയ്തിരുന്നു.