ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കാലില്‍ മുറിവുമായി എത്തിയ രോഗിയുടെ കാല്‍വിരലുകള്‍ മുറിച്ച സംഭവത്തില്‍ പ്രാഥമിക അന്വേഷണം പ്രഖ്യാപിച്ച് ആശുപത്രി സൂപ്രണ്ട്. അന്വേഷണത്തിനായി നാലംഗ സമിതിയെ നിയോഗിച്ചു. രോഗിയുടെ മക്കള്‍ നല്‍കിയ പരാതിയിലാണ് അന്വേഷണം.
കാലില്‍ മുറിവ് പറ്റിയതുമായി ബന്ധപ്പെട്ട് 27ാം തിയതിയാണ് ഇവര്‍ ആശുപത്രിയില്‍ എത്തുന്നത്. രണ്ട് ദിവസത്തിന് ശേഷം മുറിവിലെ കെട്ടഴിക്കുമ്പോഴാണ് രണ്ട് വിരലുകള്‍ മുറിച്ചു മാറ്റിയതായി വീട്ടുകാരും രോഗിയും പോലും അറിയുന്നത്. ഇന്നലെ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കും ആശുപത്രി സൂപ്രണ്ടിനും അവര്‍ പരാതി നല്‍കിയിരുന്നു. ആശുപത്രി സൂപ്രണ്ട് ഡോ. ഹരികുമാറാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ആശുപത്രിയിലെ വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളുടെ മേധാവികളെ ചേര്‍ത്തുകൊണ്ടാണ് നാലംഗ സമിതി രൂപീകരിച്ച് അന്വേഷണം നടത്താന്‍ നിര്‍ദേശം നല്‍കിയത്. സമിതി ഇന്നും നാളെയുമായി നടത്തുന്ന അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് നാളെയൊട് കൂടി ആശുപത്രി സൂപ്രണ്ടിന് നല്‍കും. അതിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ നടത്തുക.
രോഗിയെ അന്ന് ശുശ്രൂഷിച്ചിരുന്ന നഴ്‌സുമാരടക്കമുള്ളവര്‍ അവധിയിലാണ്. അവര്‍ക്ക് തിരികെയെത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഏതെങ്കിലും തരത്തിലുള്ള പാകപ്പിഴ ഇവരുടെ ഭാഗത്ത് നിന്നുണ്ടായിട്ടുണ്ടെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നാണ് സൂപ്രണ്ട് വ്യക്തമാക്കിയിട്ടുള്ളത്.