ശബരിമല സ്വർണ്ണ പാളി വിവാദത്തിൽ ഹൈക്കോടതിയോട് സമഗ്ര അന്വേഷണം ആവശ്യപ്പെടുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത്. 1999-2025 കാലത്തെ ഇടപെടലുകൾ അന്വേഷിക്കണം. 2019 ൽ ഉണ്ടായ ഉദ്യോഗസ്ഥ വീഴ്ച ഉൾപ്പെടെ അന്വേഷിക്കണമെന്നും ശബരിമലയുമായി ബന്ധപ്പെട്ട് വിവാദം പാടില്ലെന്നും പി.എസ് പ്രശാന്ത് പറഞ്ഞു.
വിവാദം അവസാനിക്കണമെങ്കിൽ സമഗ്രമായ അന്വേഷണം വേണമെന്ന് പി.എസ് പ്രശാന്ത് പറഞ്ഞു. കോടതി യുക്തമായ ഏജൻസിയെ ചുമതലപ്പെടുത്തട്ടെയെന്ന് അദേഹം പറഞ്ഞു. 2019 ൽ ഉണ്ടായത് ഉദ്യോഗസ്ഥ വീഴ്ചയാണെന്നും 1999 മുതലുള്ള കൃത്യമായ രേഖകൾ ഉണ്ടെന്നും അദേഹം വ്യക്തമാക്കി. അതുൾപ്പെടെ അന്വേഷിക്കണമെന്നും പിഎസ് പ്രശാന്ത് ആവശ്യപ്പെട്ടു.
അതിനിടെ ദ്വാരപാലക ശിൽപ്പത്തിന്റെ സ്വർണപ്പാളികളുടെ തൂക്കം കുറഞ്ഞതിലും, പീഠം കാണാതായതിലും സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയെ ദേവസ്വം വിജിലൻസ് വീണ്ടും ചോദ്യം ചെയ്തേക്കും. 2019 ൽ അറ്റകുറ്റപ്പാണിക്കായി പാളികൾ ഉണ്ണികൃഷ്ണൻ പോയി സ്വന്തം നിലയ്ക്ക് കൊണ്ടുപോയി.ഒരു മാസത്തോളം കൈവശം വച്ച ശേഷമാണ് സ്വർണ്ണം പൂശി തിരികെ എത്തിച്ചിരുന്നത്. 2025 ലും സ്വന്തം നിലയ്ക്ക് സ്വർണ്ണപാളി കൊണ്ടുപോകാമെന്ന് ഉണ്ണികൃഷ്ണൻ പോറ്റി അറിയിച്ചെങ്കിലും അനുമതി നൽകിയില്ല.
ക്ഷേത്ര മുതൽ അറ്റകുറ്റപണി ചെയ്യേണ്ടി വന്നാൽ അത് ചെയ്യേണ്ടത് ക്ഷേത്ര പരിസരത്തു തന്നെയെന്നും ക്ഷേത്ര മുതൽ പുറത്ത് കൊണ്ട് പോയിട്ടുണ്ടെങ്കിൽ അത് ദേവസ്വം മാന്വലിനു വിരുദ്ധമാണെന്നും മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ അനന്തഗോപൻ പറഞ്ഞു.