എന്‍എസ്എസ് സമദൂരം തുടരുമെന്ന പ്രതീക്ഷയില്‍ യുഡിഎഫ്. ഇടതുപക്ഷത്തോടുള്ള പിന്തുണ ശബരിമല വിഷയത്തില്‍ മാത്രമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. സമുദായ സംഘടനകളോട് കോണ്‍ഗ്രസിനെ ബഹുമാനമെന്ന് കെ.സി വേണുഗോപാല്‍ പറഞ്ഞു
എന്‍എസ്എസിന്റെ ഇടത് ചായ്‌വില്‍ കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണത്തില്‍ കരുതല്‍ തുടരുകയാണ്. എന്‍എസ്എസിനോട് ഏറ്റവും അടുപ്പം സൂക്ഷിക്കുന്ന കോണ്‍ഗ്രസ് നേതാവായ രമേശ് ചെന്നിത്തലയുടെ പ്രതികരണത്തിലും പ്രതീക്ഷ തന്നെയാണ് പ്രകടമാകുന്നത്. ജി സുകുമാരന്‍ നായരുടെ സര്‍ക്കാര്‍ പിന്തുണ അയ്യപ്പ സംഗമത്തില്‍ മാത്രമാകുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. എന്‍എസ്എസിന്റെ ശരിദൂരം ഇടതുപക്ഷത്തിനൊപ്പമാകും എന്ന വെള്ളം സിപിഐഎം വാങ്ങി വെച്ചാല്‍ മതിയെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
എന്‍എസ്എസിനെതിരായ വിമര്‍ശനങ്ങളില്‍ കോണ്‍ഗ്രസ് പങ്കാളികള്‍ അല്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലും പ്രതികരിച്ചു. സാമുദായിക സംഘടനകള്‍ക്ക് സ്വതന്ത്ര നിലപാട് സ്വീകരിക്കാമെന്ന് കെ.സി വേണുഗോപാല്‍ വ്യക്തമാക്കി. അതേസമയം എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ക്കെതിരെ ഇന്നും ബാനറുകള്‍ ഉയര്‍ന്നു. പത്തനംതിട്ട പെരിങ്ങരയിലാണ് സമുദായത്തെ പിന്നില്‍ നിന്ന് കുത്തി എന്ന് ആക്ഷേപിക്കുന്ന ബാനര്‍ പ്രത്യക്ഷപ്പെട്ടത്. സേവ് നായര്‍ ഫോറത്തിന്റെ പേരിലാണ് ബാനര്‍.