‘ഭയാനക സംഭവമാണിത്, അന്വേഷണം നടക്കട്ടേ, ആരെ അറസ്റ്റ് ചെയ്യുമെന്ന് ഇപ്പോള്‍ പറയാനാകില്ല’; സ്റ്റാലിന്‍ കരൂരില്‍

ടിവികെ റാലിക്കിടെ കരൂരിലുണ്ടായ മഹാദുരന്തത്തില്‍ ജീവന്‍ നഷ്ടമായവര്‍ക്ക് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ അന്തിമോപചാരം അര്‍പ്പിച്ചു. ഇന്നലെ അര്‍ധരാത്രിയോടെ കരൂര്‍ മെഡിക്കല്‍ കോളജിലെത്തി അദ്ദേഹം പരുക്കേറ്റവരെ സന്ദര്‍ശിച്ചു. ജുഡീഷ്യല്‍ അന്വേഷണം നടക്കുകയാണെന്നും ഇതിലൂടെ ദുരന്തകാരണം കണ്ടെത്താന്‍ സാധിക്കുമെന്നും അദ്ദേഹം കരൂരില്‍ പറഞ്ഞു. ആരെ അറസ്റ്റ് ചെയ്യുമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇവിടെ നടന്ന ഭയാനകമായ കാര്യമെന്താണെന്ന് വിശദീകരിക്കാന്‍ എനിക്ക് വാക്കുകള്‍ കിട്ടുന്നില്ല. നടുക്കുന്ന ഈ വാര്‍ത്ത കേട്ടയുടനെ അടുത്തുള്ള എല്ലാ ജനപ്രതിനിധികളോടും കരൂരെത്താന്‍ നിര്‍ദേശിച്ചു. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ റാലിക്കിടെ തമിഴ്‌നാടുണ്ടാകുന്ന ഏറ്റവും വലിയ ദുരന്തമാണിത്. 51 പേരാണ് ഐസിയുവില്‍ ചികിത്സയിലുള്ളത്. 39 പേര്‍ക്ക് ജീവന്‍ നഷ്ടമായി. മരിച്ചവരുടെ കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു. സ്റ്റാലിന്‍ പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ തമിഴ്‌നാട് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു. പരുക്കേറ്റവര്‍ക്ക് 1 ലക്ഷം രൂപ വീതവും നല്‍കും.

ജസ്റ്റിസ് അരുണ ജഗദീശന്റെ നേതൃത്വത്തിലാണ് സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടക്കുക. പരുക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കാന്‍ ഡോക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയതായി തമിഴ്‌നാട് സര്‍ക്കാര്‍ അറിയിച്ചു. കരൂര്‍ ദുരന്തത്തില്‍ കേന്ദ്രസര്‍ക്കാര്‍ തമിഴ്‌നാട് സര്‍ക്കാരിനോട് വിശദമായ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. രാഷ്ട്രപതിയും പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും ഉള്‍പ്പെടെയുള്ളവര്‍ സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തി. ദുരന്തത്തില്‍ തമിഴ്‌നാടിനൊപ്പമെന്നും എന്ത് സഹായവും നല്‍കാന്‍ തയ്യാറെന്നും കേരളവും വാഗ്ദാനം ചെയ്തിട്ടുണ്ട്.