Headlines

പി ടി 5 കാട്ടാനയുടെ ചികിത്സ തുടരും; ആനപ്രേമി സംഘത്തിന്റെ പ്രചരണം തള്ളി വനംമന്ത്രി

പരുക്കേറ്റ പാലക്കാട്ടെ പി ടി 5 കാട്ടാനയ്ക്ക് ചികിത്സ തുടരുമെന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ . കാഴ്ചകുറവുള്ള ആനയെ വിദഗ്ധർ പരിശോധിച്ചാണ് ചികിത്സ നടത്തുന്നത്. വനം വകുപ്പിന് എതിരെ തീവ്ര നിലപാട് സ്വീകരിക്കുകയാണ് ചിലരെന്നും മന്ത്രി കുറ്റപ്പെടുത്തി. ആക്ഷേപങ്ങൾ ഉയർന്നുവന്ന സാഹചര്യത്തിൽ അത് സംബന്ധിച്ച കൂടുതൽ കാര്യങ്ങൾ അന്വേഷിച്ച് നല്ല നടപടികൾ സ്വീകരിക്കുമെന്നും വനം മന്ത്രി വ്യക്തമാക്കി.

എന്നാൽ വനം വകുപ്പിലെ ചില ഉദ്യോഗസ്ഥർ മനപ്പൂർവം പി ടി 5 കാട്ടാനയ്ക്ക് ചികിത്സ നിഷേധിക്കുന്നു എന്ന ആനപ്രേമി സംഘത്തിന്റെ പ്രചാരണം മന്ത്രി തള്ളി. പ്രശ്നങ്ങളെ വളരെ പർവ്വതീകരിച്ച് വികാരപരമായ അന്തരീക്ഷം നിലനിർത്തേണ്ടത് ആരുടെയൊക്കെയോ ആവശ്യമാണെന്ന് തോന്നിപ്പിക്കുന്ന നിലയിലാണ് പ്രചരണങ്ങൾ നടത്തുന്നത്. വനവും, വന്യജീവിയും മനുഷ്യനും സംരക്ഷിക്കപ്പെടണം. വനം വകുപ്പിന് എതിരെ നടക്കുന്ന പ്രചരണം അജണ്ടയുടെ ഭാഗമാണെന്നും വനംമന്ത്രി വ്യക്തമാക്കി.

അതേസമയം, പി ടി 5 ആനയുടെ ആരോഗ്യനില മോശമായതിനാൽ മയക്കു വെടിവെക്കാൻ കഴിയില്ലെന്നും മയക്കുവേടി വെച്ചാൽ ആനയുടെ ജീവന് തന്നെ ആപത്തുണ്ടാകുമെന്നുമാണ് ആനപ്രേമി സംഘത്തിന്റെ പ്രചാരണം.