വണ്ടിയില്‍ നിന്ന് ഇറങ്ങി കാട്ടാനയുടെ ഫോട്ടോയെടുക്കാന്‍ നോക്കി; ആന ഓടിയടുത്തു; ബന്ദിപ്പൂരില്‍ മലയാളി സഞ്ചാരി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ബന്ദിപ്പൂര്‍ കടുവ സംരക്ഷണ കേന്ദ്രം കടന്നുപോകുന്ന ദേശീയ പാതയില്‍ വിനോദ സഞ്ചാരിയെ ആക്രമിച്ച് കാട്ടാന. കാട്ടാനയുടെ ഫോട്ടോ എടുക്കാന്‍ ശ്രമിച്ച മലയാളി വിനോദ സഞ്ചാരി തലനാരിഴക്കാണ് ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത്. സംഭവത്തിന്റെ നടുക്കുന്ന വിഡിയോ പുറത്തുവന്നു. ഇയാള്‍ക്കെതിരെ കേസെടുക്കാനാണ് വനം വകുപ്പിന്റെ തീരുമാനം.

ലോറിയില്‍ നിന്ന് എടുത്ത ക്യാരറ്റ് ശാന്തമായി കഴിച്ചുകൊണ്ട് റോഡില്‍ നില്‍ക്കുകയായിരുന്നു കാട്ടാന. വാഹനങ്ങളുടെ നീണ്ട നിര കാത്തിരിക്കുമ്പോള്‍, ഒരാള്‍ വാഹനത്തില്‍ നിന്ന് ഇറങ്ങി ആനയുടെ ഫോട്ടോ എടുക്കാന്‍ ശ്രമിച്ചു. ഇതോടെ പേടിച്ചരണ്ടകാട്ടാന സഞ്ചാരിയെ ആക്രമിക്കുകയായിരുന്നു. ആനയുടെ കാല്‍ കീഴില്‍ നിന്ന് അത്ഭുതകരമായാണ് ഇയാള്‍ രക്ഷപ്പെട്ടത്.

വനം വകുപ്പ് നിര്‍ദേശം അവഗണിച്ച് വാഹനത്തിന് പുറത്തിറങ്ങിയ സഞ്ചാരിക്കെതിരെ നടപടിയെടുത്തേക്കുമെന്നാണ് വനം വകുപ്പ് അറിയിക്കുന്നത്. പരുക്കേറ്റ ഇയാള്‍ ചികിത്സയില്‍ തുടരുകയാണ്. പരുക്കുകള്‍ സാരമല്ലെന്നാണ് ഡോക്ടഴ്‌സ് അറിയിക്കുന്നു.