പാലക്കാട്: ഷാഫി പറമ്പിലിനെതിരായ സിപിഎം ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ് ബാബുവിന്റെ ആരോപണത്തെച്ചൊല്ലി സിപിഎമ്മിൽ അഭിപ്രായ ഭിന്നത. ഷാഫി പറമ്പിലിനെതിരായ ജില്ല സെക്രട്ടറിയുടെ ആരോപണം ഏറ്റെടുക്കാതെയാണ് സിപിഎം നേതാക്കളുടെ പ്രതികരണം. ജില്ല സെക്രട്ടറിയ്ക്ക് ആരോപണം ഉണ്ടെങ്കിൽ അദ്ദേഹം തെളിവുകൾ പുറത്തു വിടട്ടെയെന്നാണ് സിപിഎം നേതാക്കൾ പ്രതികരിച്ചത്. യൂത്ത് കോൺഗസ് നേതാവ് പരാതി കൊടുത്തതും പാർട്ടിയെ വെട്ടിലാക്കുകയാണ്. രാഹുൽ മാങ്കൂട്ടത്തിലിനെ എംഎൽഎ ചുമതലയിൽ നിന്ന് നീക്കുകയാണ് വേണ്ടതെന്നും മറ്റ് വിഷയങ്ങൾ ഉന്നയിച്ച് വഴി തിരിച്ചു വിടേണ്ടെന്നും എൻഎൻ കൃഷ്ണദാസ് പറഞ്ഞു.
പ്രതികരിച്ച് എൻഎൻ കൃഷ്ണദാസ്
ജില്ലാ സെക്രട്ടറി എന്തു കൊണ്ട് ആരോപണം ഉന്നയിച്ചു എന്ന് അദ്ദേഹത്തോട് തന്നെ ചോദിക്കണം. ജില്ലാ സെക്രട്ടറിയെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്ന വിഡി സതീശൻ്റെ പ്രസ്താവനയോടും കൃഷ്ണദാസ് പ്രതികരിച്ചു. വിഡി സതീശൻ ആദ്യം എംഎൽഎയെ ചുമതലയിൽ നിന്ന് നീക്കട്ടെയെന്നും യൂത്ത് കോൺഗ്രസ് നേതാവ് പരാതി നൽകിയതിൽ അഭിപ്രായം പറയാനില്ലെന്നും കൃഷ്ണദാസ് പറഞ്ഞു. ജില്ല സെക്രട്ടറിയുടെ ആരോപണത്തിൽ കക്ഷി ചേരുന്നില്ലെന്നായിരുന്നു ജില്ലയിലെ മുതിർന്ന നേതാവായ എകെ ബാലന്റെ പ്രതികരണം. ആരോപണം പറഞ്ഞ ജില്ലാ സെക്രട്ടറിക്ക് അത് തെളിയിക്കാൻ കയ്യിൽ തെളിവ് ഉണ്ടാകുമല്ലോയെന്ന് എകെ ബാലൻ ചോദിച്ചു.തന്റെ കയ്യിൽ രേഖ ഇല്ലാത്തതുകൊണ്ട് ആരോപണം ഉന്നയിക്കുന്നില്ല. ഇഎൻ സുരേഷ് ബാബുവിന്റെ കയ്യിൽ രേഖ ഉള്ളത് കൊണ്ടായിരിക്കുമല്ലോ പറഞ്ഞതെന്നും എകെ ബാലൻ ചോദിച്ചു.