ദില്ലി: 97 തേജസ് മാർക്ക് 1 എ വിമാനങ്ങൾക്കായുള്ള കരാർ ഒപ്പിട്ടു. ഹിന്ദുസ്ഥാൻ എയറോനോട്ടിക്സുമായി (എച്ച്എഎൽ) ആണ് വ്യോമസേനയുടെ കരാർ. 62,370 കോടി രൂപയുടെ കരാറിലാണ് ഇന്ന് പ്രതിരോധ മന്ത്രാലയത്തിൽ വച്ച് ഒപ്പിട്ടത്. മിഗ് 21 വിമാനങ്ങൾക്ക് പകരമാണ് പുതിയ തേജസ് വിമാനങ്ങൾ എത്തുക. 68 ഒറ്റ സീറ്റ്, 29 ഇരട്ട സീറ്റ് തേജസ് 1 എ വിമാനങ്ങൾക്കാണ് കരാർ നൽകിയത്. 2027-28 ഓടു കൂടി വിമാനങ്ങൾ വ്യോമസേനയ്ക്ക് നൽകിത്തുടങ്ങും.
മിഗിന് പകരം ഇനി തേജസ്
പുതിയ വിമാനങ്ങളിൽ 64 ശതമാനത്തിലധികം തദ്ദേശീയ വസ്തുക്കൾ ഉപയോഗിച്ചാണ് നിർമാണം. കൂടാതെ 2021 ലെ കരാറുമായി താരതമ്യപ്പെടുത്തുമ്പോൾ 67 അധിക ഇനങ്ങൾ ഇതിൽ ഉൾപ്പെടും. പുതിയ സംവിധാനങ്ങളിൽ ഉത്തം എഇഎസ്എ റഡാർ, സ്വയം രക്ഷ കവച് ഇലക്ട്രോണിക് വാർഫെയർ സ്യൂട്ട്, തദ്ദേശീയമായി വികസിപ്പിച്ച കൺട്രോൾ സർഫേസ് ആക്യുവേറ്ററുകൾ എന്നിവ ഉൾപ്പെടുന്നു. വ്യോമ പ്രതിരോധം, സമുദ്ര നിരീക്ഷണം, ആക്രമണം എന്നിവ ഏറ്റെടുക്കുന്നതിനായാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
മിഗ് വിമാനങ്ങളുടെ ഉപയോഗം ഘട്ടം ഘട്ടമായി ഒഴിവാക്കുന്നതോടെ വ്യോമസേനയ്ക്ക് കരുത്ത് പകരാനാണ് തേജസ് വിമാനങ്ങൾ എത്തുന്നത്. വ്യോമസേനയുടെ കൈവശം നിലവിൽ 30 തേജസ് വിമാനങ്ങൾ ഉണ്ട്. അവസാന രണ്ട് മിഗ്-21 വിമാനങ്ങളുടെ യാത്രയയപ്പ് നാളെ ചണ്ഡിഗഡിൽ നടക്കും.