Headlines

‘സുരേഷ് ബാബു മറുപടി അർഹിക്കുന്നില്ല, ഇതാണോ CPIM 2026ലേക്ക് കരുതി വച്ചിരിക്കുന്ന തിരഞ്ഞെടുപ്പ് തന്ത്രം’; ഷാഫി പറമ്പിൽ

സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ് ബാബുവിന്‍റെ അധിക്ഷേപ പരാമര്‍ശത്തിന് മറുപടിയുമായി ഷാഫി പറമ്പിൽ എം.പി. രാഷ്ട്രീയം പറയാൻ ഇല്ലാത്തത് കൊണ്ടാണ് സിപിഐഎം അധിക്ഷേപിക്കുന്നതെന്ന് ഷാഫി പ്രതികരിച്ചു. ഇത് ആരോപണമല്ല, അധിക്ഷേപമാണെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. നിയമനടപടിയുമായി മുന്നോട്ട് പോകും.

പരാമർശങ്ങൾ മറുപടി പോലും അർഹിക്കുന്നില്ല. ഇതാണോ 2026ലെ സിപിഐഎമ്മിൻ്റെ തെര‍ഞ്ഞെടുപ്പ് തന്ത്രമെന്ന് നേതാക്കൻമാർ വ്യക്തമാക്കണം. ഇതാണോ സിപിഐഎമ്മിൻ്റെ രാഷ്ട്രീയം. ജില്ലാ സെക്രട്ടറിയെക്കൊണ്ട് ഇങ്ങനെയൊക്കെ സംസാരിപ്പിക്കലാണോ തെരഞ്ഞെടുപ്പിലേക്കുള്ള മാനിഫെസ്റ്റോയെന്നും ഷാഫി പറമ്പിൽ ചോദിച്ചു.

മാധ്യമങ്ങളോടാണ് ഷാഫിയുടെ പ്രതികരണം. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെയുള്ള ആരോപണങ്ങൾക്ക് പിന്നാലെയാണ് ഷാഫി പറമ്പിൽ എംപിക്കെതിരെ ഗുരുതര ലൈംഗിക ആരോപണങ്ങളുമായി സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി രംഗത്തെത്തിയത്.

ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ഷാഫി ബംഗളുരുവിലേക്ക് ട്രിപ്പ് വിളിക്കുമെന്നായിരുന്നു ഇ.എൻ സുരേഷ് ബാബു പറഞ്ഞത്. കോൺഗ്രസിലെ പല നേതാക്കളും സ്ത്രീ വിഷയത്തിൽ രാഹുലിന്റെ അധ്യാപകരാണെന്നും കണ്ടാമൃഗത്തെക്കാൾ തൊലിക്കട്ടിയാണ് രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് കാണിക്കുന്നതെന്നും സുരേഷ് ബാബു പറഞ്ഞു.

സ്ത്രീ വിഷയത്തിൽ രാഹുലിന്റെ ഹെഡ് മാസ്റ്റാറാണ് ഷാഫി പറമ്പിൽ. സഹികെട്ടാണ് വി.ഡി സതീശൻ രാഹുലിനെതിരെ നടപടിയെടുത്തത്.കൊത്തി കൊത്തി മുറത്തിൽ കേറി കൊത്തിയപ്പോൾ സതീശന് രാഹുലിനെതിരെ നടപടിയെടുക്കേണ്ടി വന്നെന്നും ഇ.എൻ സുരേഷ് ബാബു പറഞ്ഞു.