Headlines

MSC എൽസ 3 കപ്പൽ അപകടം; സെക്യൂരിറ്റി ഡെപ്പോസിറ്റായി കമ്പനി 1227.62 കോടി കെട്ടിവെക്കണം, ഹൈക്കോടതി നിർദേശം

എം.എസ്.സി എല്‍സ 3 കപ്പൽ അപകടത്തിൽ ഇടക്കാല ഉത്തരവിൽ ഭേദഗതി വരുത്തി ഹൈക്കോടതി. സെക്യൂരിറ്റി ഡെപ്പോസിറ്റായി കപ്പല്‍ കമ്പനി 1227.62 കോടി രൂപ കെട്ടിവയ്ക്കാൻ നിർദേശം. എം.എസ്.സി അക്വിറ്റേറ്റ കപ്പലിൻ്റെ അറസ്റ്റ് പിന്‍വലിക്കുന്നതില്‍ തുക കെട്ടിവച്ച ശേഷം തീരുമാനം എടുക്കാമെന്നും കോടതി അറിയിച്ചു.

കപ്പൽ അപകടവുമായി ബന്ധപ്പെട്ട് 9531 കോടി രൂപ കെട്ടിവെക്കണമെന്നായിരുന്നു നേരത്തെ പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ്. ഇത്രയും വലിയ തുക കെട്ടിവെക്കാൻ ആവില്ലെന്ന് എം.എസ്.സി കമ്പനി കോടതിയെ അറിയിച്ചു. എത്ര തുക കെട്ടിവെക്കാനാകുമെന്ന് കോടതി ചോദിച്ചിരുന്നു. എന്നാൽ തുകയൊന്നും കെട്ടിവെക്കാനാവില്ലെന്ന നിലപാടാണ് കമ്പനി സ്വീകരിച്ചത്. വിശദമായ വാദത്തിനൊടുവിലാണ് 1227.62 കെട്ടിവെക്കാൻ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിട്ടത്. തുക കെട്ടിവെച്ച ശേഷം മാത്രമേ നേരത്തെ അറസ്റ്റ് ചെയ്ത എം.എസ്.സി അക്വിറ്റേറ്റ കപ്പൽ വിട്ട് നൽകുന്നതിൽ തീരുമാനം എടുക്കുകയുളൂവെന്നും കോടതി വ്യക്തമാക്കി.
അതേസമയം, കപ്പൽ അപകടം സമുദ്രമത്സ്യ മേഖലയെ പ്രതികൂലമായി ബാധിച്ചെന്ന് പഠന റിപ്പോർട്ട്‌ ഉണ്ടായിരുന്നു. പാരിസ്ഥിതിക പ്രശ്നങ്ങളടക്കം ചൂണ്ടിക്കാണിച്ചാണ് സർക്കാർ വാദമുഖങ്ങൾ ഉന്നയിച്ചത്. ഹർജി അടുത്തയാഴ്ച വീണ്ടും പരിഗണിക്കും.