Headlines

കേരളത്തിൽ എത്തിയത് 20 വാഹനങ്ങൾ; ഭൂട്ടാൻ പട്ടാളം വാഹനം വിറ്റത് 5 ലക്ഷം രൂപയ്ക്ക്‌; ഓപ്പറേഷൻ നംഖോറിൽ വ്യാപക പരിശോധന

ഓപ്പറേഷൻ നംഖോറിൽ കേരളത്തിൽ വ്യാപക പരിശോധന. കസ്റ്റംസിന്റെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്. ഭൂട്ടാൻ വഴി വാഹനങ്ങൾ നികുതി വെട്ടിച്ച് ഇന്ത്യയിൽ എത്തിച്ചുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന. ഭൂട്ടാൻ സൈന്യം ഉപയോ​ഗിച്ച വാഹനം ഇന്ത്യയിലേക്ക് കടത്തി ഹിമാചൽ പ്രദേശിൽ എത്തിച്ച് രജിസ്ട്രേഷൻ മാറ്റി വിൽപന നടത്തുകയാണ് ചെയ്യുന്നത്. ഇത്തരത്തിൽ വാഹനം ലഭിച്ചവരുടെ ലിസ്റ്റ് കസ്റ്റംസ് ശേഖരിച്ചിരുന്നു. ഈ പട്ടിക കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കേരളത്തിലേക്കും പരിശോധന എത്തിയത്.

ഭൂട്ടാനിൽ നംഖോർ എന്നാൽ വാഹനം എന്നാണ് അർഥം. ഭൂട്ടാനിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് ലേലത്തിൽ പിടിക്കുന്ന വാഹനങ്ങൾ ആദ്യം ഹിമാചലിൽ എത്തിച്ച് രജിസ്റ്റർ ചെയ്ത് വലിയ തുകയ്ക്ക് മറിച്ചുവിൽക്കുകയാണ് ചെയ്യുന്നത്. വലിയ റാക്കറ്റ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നുവെന്ന്‌ കസ്റ്റംസ് സംഘം നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. അതിനെ തുടർന്നാണ് ഭൂട്ടാനിൽ നിന്ന് ഇന്ത്യയിലേക്ക് കടത്തിയ വാഹനങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നത്.

ഭൂട്ടാൻ‌ സൈന്യം അഞ്ച് ലക്ഷം രൂപയ്ക്ക് വിറ്റ വാഹനങ്ങളാണ് രജിസ്ട്രേഷൻ മാറ്റി വൻ തുകയ്ക്ക് മറിച്ചുവിറ്റത്. കേരളത്തിൽ 40 ലക്ഷത്തോളം രൂപയ്ക്കാണ് വാഹനം വിറ്റത്. കേരളത്തിൽ എൻഒസി ഉൾപ്പെടെയാണ് വിറ്റത്. കേരളത്തിലെത്തിച്ച പല വാഹനങ്ങളും റീ രജിസ്റ്റർ ചെയ്തു. നടന്മാരിലേക്കും വ്യവസായ പ്രമുഖരിലേക്കും കേരളത്തിലെ പരിശോധന നീണ്ടിട്ടുണ്ട്. കൊച്ചിയിലും കോഴിക്കോടും കേന്ദ്രീകരിച്ചുമാണ് വാഹനങ്ങൾ കേരളത്തിലേക്ക് എത്തിയതെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തൽ.

കേരളത്തിൽ അമ്പതിലധികം വാഹന ഇടപാട് ക്രമക്കേട് കസ്റ്റംസ് കണ്ടെത്തിയത്. കൊച്ചി, കോട്ടയം, തിരുവനന്തപുരം, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് കസ്റ്റംസ് പരിശോധന നടക്കുന്നത്. കേരളത്തിൽ 20 വാഹനങ്ങളാണ് ഇത്തരത്തിൽ എത്തിയത്. നിരവധി വാഹനങ്ങൾ നികുതി വെട്ടിച്ച് ഇന്ത്യയിലേക്ക് കടത്തിയെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തൽ. ഹിമാചൽ പ്രദേശിൽ എത്തിക്കുന്ന വാഹനങ്ങൾ‌ വ്യാജ മേൽവിലാസത്തിലാണ് രജിസ്റ്റർ ചെയ്യുന്നത്. ഇവിടെ നിന്ന് രാജ്യത്തിന്റെ വിവിധയിടങ്ങളിൽ വാഹനങ്ങൾ വിൽക്കുകയാണ് സംഘം ചെയ്യുന്നത്.