സിപിഐയുടെ 25 ാം പാര്‍ട്ടി കോണ്‍ഗ്രസ് പഞ്ചാബിലെ മൊഹാലിയില്‍ നടക്കുകയാണ്. നിരവധി പ്രതിസന്ധികളിലൂടെ മുന്നോട്ടുപോവുന്ന സി പി ഐക്ക് മുന്നോട്ടുപോവാനുള്ള കരുത്താകുമോ പഞ്ചാബിലെ പാര്‍ട്ടി കോണ്‍ഗ്രസ് എന്ന ചോദ്യമാണ് വ്യാപകമായി ഉയരുന്നത്. വര്‍ഗീയ ഫാസിസ്റ്റ് ശക്തികള്‍ കീഴടക്കാനായി നീക്കങ്ങള്‍ നടക്കുന്ന രാജ്യത്ത് പുത്തന്‍ ശക്തിയായി വരികയെന്നതാണ് സിപിഐയുടെ ദേശീയ കാഴ്ചപ്പാട്. കേരളം ഒഴികെ മിക്ക സംസ്ഥാനങ്ങളിലും പാര്‍ട്ടി ഏറെ ദുര്‍ബലമാണ്. ഇത്തരമൊരു സാഹചര്യത്തില്‍ എന്ത് നിലപാടുമാറ്റമായിരിക്കാം സി പി ഐയുടെ ഭാഗത്തുനിന്നും ഉണ്ടാവുകയെന്നാണ് അണികള്‍ ഉറ്റുനോക്കുന്നത്.
വര്‍ഗീയ ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെ ശക്തമായ പോരാട്ടം എന്നതാണ് സിപിഐയുടെ പ്രധാന മുദ്രാവാക്യം. എന്നാല്‍ രാജ്യത്തെ സംഘപരിവാര്‍ ശക്തമായ പോരാട്ടം നടത്താനുള്ള സംഘടനാ ശേഷിയൊന്നും സിപിഐക്ക് ഇല്ലെന്ന് വ്യക്തം. മൊഹാലിയില്‍ ശക്തിപ്രകടനത്തോടെയാണ് പാര്‍ട്ടി കോണ്‍ഗ്രസിന് ആരംഭം കുറിച്ചത്.
സി പി ഐയെ നയിക്കാന്‍ ആരായിരിക്കും എത്തുകയെന്നാണ് പാര്‍ട്ടി കോണ്‍ഗ്രസില്‍ പ്രതിനിധികള്‍ ഏവരും ഉറ്റുനോക്കുന്നത്. പ്രായപരിധിയില്‍ ഒരു വിട്ടുവീഴ്ചയും വേണ്ടെന്നാണ് കേരള ഘടകത്തിന്റെ ശക്തമായ നിലപാട്. ഇതോടെ ദേശീയ ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്നും ഡി രാജ മാറേണ്ടിവരുമെന്ന് ഏറെക്കുറേ ഉറപ്പായി. എഴുപത്തിയഞ്ച് വയസ് പൂര്‍ത്തിയായ എല്ലാ ഭാരവാഹികളും സ്ഥാനമൊഴിയണമെന്ന നിയമം കേരളത്തിലാണ് ആദ്യമായി നടപ്പാക്കിയത്. സിപിഐഎം പ്രായപരിധി കൃത്യമായി പാലിക്കുന്നുണ്ട്. സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ കേരള മുഖ്യമന്ത്രിയെന്ന നിലയില്‍ പിണറായി വിജയനുമാത്രമാണ് ഇളവ് നല്‍കിയത്.
പാര്‍ട്ടി സ്ഥാപനത്തിന്റെ നൂറാം വാര്‍ഷികമാണ് അടുത്ത വര്‍ഷം. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ആഘോഷപരിപാടികളും പാര്‍ട്ടി പ്ലാന്‍ ചെയ്തുകഴിഞ്ഞു. ഇതിനിടയിലാണ് പാര്‍ട്ടി കോണ്‍ഗ്രസ് പഞ്ചാബില്‍ നടക്കുന്നത്. പാര്‍ട്ടിയില്‍ വളര്‍ന്നുവരുന്ന നേതാക്കള്‍ക്ക് കൂടുതല്‍ അവസരം നല്‍കുന്നതിനായാണ് 75 വയസ് എന്ന പ്രായപിരിധി നടപ്പാക്കാന്‍ തീരുമാനിച്ചത്. പ്രായപരിധി നടപ്പാക്കണമെന്ന് കേരള ഘടകം തുടക്കംമുതല്‍ ആവശ്യപ്പെട്ടിരുന്നു. രാജയെ ദേശീയ ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്നും മാറ്റണമെന്ന് കേരളത്തിലെ ബഹുഭൂരിപക്ഷം നേതാക്കള്‍ക്കും അഭിപ്രായമുണ്ട്. എന്നാല്‍ ഇന്ത്യാ സഖ്യം പോലുള്ള സംവിധാനങ്ങളില്‍ പാര്‍ട്ടിക്ക് പ്രമുഖ റോള്‍ നിലനില്‍ക്കണമെങ്കില്‍ ഡി രാജയെപ്പോലുള്ള നേതാവ് അനിവാര്യമാണ്. തലയെടുപ്പുള്ള നേതാക്കളില്ലെന്നതാണ് സി പി ഐ ദേശീയ നേതൃത്വം നേടിരുന്ന പ്രതിസന്ധി.
സി പി ഐ ദേശീയ ജനറല്‍ സെക്രട്ടറി ഡി രാജയ്ക്ക് പ്രായപരിധിയില്‍ ഇളവുനല്‍കി ഒരു ടേം കൂടി അവസരം നല്‍കണമെന്ന് വാദിക്കുന്നവരുണ്ട്. രാജ്യത്തെ എല്ലാ രാഷ്ട്രീയനേതൃത്വവുമായി ഏറെ അടുപ്പം പുലര്‍ത്തുന്ന നേതാവാണ് ഡി രാജ്, ഒപ്പം ദേശീയ ദലിത് മുഖവുമാണ് എന്നതും രാജയുടെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു, എന്നാല്‍ ഒരു കാരണവശാലും പ്രായപരിധിയില്‍ ഇളവ് ഏര്‍പ്പെടുത്തേണ്ടതില്ലെന്ന നിലപാട് കേരള നേതാക്കള്‍ ആവര്‍ത്തിച്ചുകഴിഞ്ഞു. സി പി ഐയ്ക്ക് അധികാരമുള്ള ഏകയിടം കേരളമാണ്. അതിനാല്‍ കേരളഘടകത്തിന്റെ നിര്‍ദേശങ്ങള്‍ തള്ളാനും കഴിയില്ല. അങ്ങിനെയെങ്കില്‍ അമര്‍ജിത് കൗറാണ് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുക. ഒരു വനിത ആദ്യമായി പാര്‍ട്ടിയെ നയിക്കാനെത്തുന്നുവെന്ന പ്രത്യേകതയുണ്ട്. അമര്‍ജിത്കൗര്‍ പിന്‍വാങ്ങിയായാല്‍ പിന്നീട് നറുക്കുവീഴുന്നത് ബിനോയ് വിശ്വത്തിനായിരിക്കും. ഡി രാജ, അമര്‍ജിത്ത് കൗര്‍, കെ നാരായണ, ബിനോയ് വിശ്വം, ഭാല്‍ചന്ദ്ര കാംഗോ, പല്ലബ് സെന്‍ഗുപ്ത, സയ്യിദ് അസീസ് പാഷ, രാം ക്രൂസ്‌ന പാണ്ഡ, നാഗേന്ദ്ര നാഥ് ഓജ, ആനി രാജ, ഗിരീഷ് ശര്‍മ്മ എന്നിവരാണ് നിലവില്‍ ദേശീയ സെക്രട്ടറിയേറ്റ് അംഗങ്ങള്‍.
രാജ്യത്തെ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ പൈതൃകം പേറുന്ന പാര്‍ട്ടിയാണ് സിപിഐ. പക്ഷേ, സിപിഐ പഴയ അവസ്ഥയിലല്ല. ശക്തിക്ഷയിച്ച ഒരു പാര്‍ട്ടിരൂപം മാത്രമാണിന്ന് സിപിഐ. ഒരു കാലത്ത് നിരവധി സംസ്ഥാനങ്ങളില്‍ നിര്‍ണായക ശക്തിയായിരുന്ന സിപിഐക്ക് ഇന്ന് എവിടേയും പറയത്തക്ക ശക്തിയില്ല. കേരളത്തില്‍ സിപിഐഎമ്മിനൊപ്പം ഭരണത്തില്‍ പങ്കാളിയാണെന്നതുമാത്രമാണ് ഏക ആശ്വാസം.
അംഗസഖ്യയിലുള്ള ചോര്‍ച്ചയും എംപിമാര്‍ നാമമാത്രമായതുമാണ് സിപിഐ നേരിടുന്ന പ്രധാന രാഷ്ട്രീയ പ്രതിസന്ധി. ഒരു ദേശീയ പാര്‍ട്ടിയെന്ന നിലയില്‍ എഴുന്നേറ്റ് നില്‍ക്കാന്‍ പറ്റാത്ത അവസ്ഥയാണ്. പഴയനേതാക്കളുടെ കണ്ണികളില്‍ അവാസനത്തെ കണ്ണിയാണ് ഡി രാജ. പാര്‍ട്ടിയുടെ പ്രതാപവും ശക്തിയും ക്ഷയിച്ചു തുടങ്ങിയ കാലത്താണ് ദേശീയ ജനറല്‍ സെക്രട്ടറിയായി ഡി രാജ നേതൃത്വം ഏറ്റെടുക്കുന്നത്.
1950 മുതല്‍ 60 വരെ രാജ്യത്തെ ഏറ്റവും ശക്തരായ പ്രതിപക്ഷമായിരുന്നു സിപിഐ 1964 ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ പിളര്‍പ്പോടെ കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ആധിപത്യം അവസാനിച്ചു. കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയും, കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യാ മാര്‍ക്‌സിസ്റ്റ് എന്നിങ്ങനെ രണ്ടു പാര്‍ട്ടികളായി വേര്‍പിരിഞ്ഞു. പിന്നീട് സി പി ഐ ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തെ അംഗീകരിച്ചതും കേരളത്തില്‍ കോണ്‍ഗ്രസിനോട് ചേര്‍ന്ന് ഭരണം നടത്തിയതും സി പി ഐയുടെ രാഷ്ട്രീയ ചരിത്രത്തില്‍ സുപ്രധാന നാഴികകല്ലുകളായിരുന്നു.
ദേശീയ തലത്തില്‍ 1996 -98 കാലത്ത് കേന്ദ്രത്തില്‍ ഐക്യമുന്നണി സര്‍ക്കാറിന്റെ ഭാഗമായിരുന്നു സി പി ഐ. ദേവെ ഗൗഡ, ഗുജറാല്‍ മന്ത്രിസഭയുടെ ഭാഗമായിരുന്നു. രണ്ട് മന്ത്രിമാരുണ്ടായിരുന്നു ഇക്കാലത്ത് സി പി ഐക്ക്. നിലവില്‍ സി പി ഐക്ക് രണ്ട് അംഗങ്ങളാണ് ലോക്സഭയില്‍ ഉള്ളത്. രാജ്യസഭയിലും രണ്ട് അംഗങ്ങള്‍. കേരളത്തില്‍ നിന്നും കഴിഞ്ഞ രണ്ടുടേമുകളിലായി ലോകസഭയിലേക്ക് ആരും തിരഞ്ഞെടുക്കപ്പെട്ടിരുന്നില്ല.
2023ല്‍ ദേശീയ പാര്‍ട്ടി പദവി നഷ്ടപ്പെട്ടതോടെ സി പിഐ വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോവുന്നത്. പശ്ചിമബംഗാളിലും, ത്രിപുരയിലും കേരളത്തിലും ഇടത് മുന്നണിയുടെ ഭാഗമാണ്. എന്നാല്‍ കേരളത്തില്‍ മാത്രമാണ് പാര്‍ട്ടി അധികാരത്തിനൊപ്പം നിലവിലുള്ളത്. കേരളത്തില്‍ നാല് ക്യാബിനറ്റ് മന്ത്രിമാരും ഒരു ഡപ്യൂട്ടി സ്പീക്കര്‍ പദവിയുമുണ്ട്. ഇതാണ് പാര്‍ട്ടിക്ക് ഏക ആശ്വാസം. തമിഴ് നാട്ടില്‍ നിന്നും സി പി ഐക്ക് രണ്ട് എം പിമാരുണ്ട്. ഡി എം കെയുടെ സഹായത്തോടെ തിരുപ്പൂരില്‍ നിന്നും വിജയിച്ച കെ സുബ്ബരായന്‍, നാഗപട്ടണത്തുനിന്നും വിജയിച്ച സെല്‍വരാജന്‍ എന്നിവരാണിവര്‍. ഒരുകാലത്ത് പഞ്ചാബ്, ആന്ധ്ര, ത്രിപുര, ബംഗാള്‍, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും എം പിമാര്‍ ഉണ്ടായിരുന്നു.
രാജ്യസഭാംഗമായ പി സന്തോഷ് കുമാര്‍ ഇത്തവണ കേരളത്തില്‍ നിന്നും ദേശീയ സെക്രട്ടറിയേറ്റില്‍ എത്തുമെന്നാണ് കരുതുന്നത്. പ്രായപരിധി നിര്‍ബന്ധമാക്കണമെന്ന് ഒരു വിഭാഗം നേതാക്കള്‍ അഭിപ്രായപ്പെടുന്നുണ്ട്. ഇത് പ്രാവര്‍ത്തികമായാല്‍ രാജ സെക്രട്ടറി സ്ഥാനത്തുനിന്നും മാറേണ്ടിവരും. സുധാകര റെഡ്ഡി ദേശീയ ജനറല്‍ സെക്രട്ടറിയായിരുന്നപ്പോള്‍ ഡപ്യൂട്ടി ജനറല്‍ സെക്ട്രറിയായിരുന്ന ഡി രാജ ജന.സെക്രട്ടറിയായി. രണ്ട് ടേമില്‍ ജന.സെക്രട്ടറിയായ രാജ ഇത്തവണ മാറുമ്പോള്‍ സി പി ഐയുടെ നയങ്ങളിലും പ്രകടമായ മാറ്റങ്ങള്‍ ദൃശ്യമാവും.