തിരുവനന്തപുരത്തെ തിരുമല കൗൺസിലർ കെ അനിൽകുമാർ ആത്മഹത്യ ചെയ്ത സംഭവത്തിൽ സിപിഐഎം,ബിജെപി വാക് പോര്. ആത്മഹത്യ ചെയ്ത അനിൽകുമാറിനെ സിപിഐഎമ്മും പൊലീസും വേട്ടയാടി എന്നാണ് ബിജെപി ആരോപിക്കുന്നത്. അനിൽകുമാർ പ്രസിഡന്റ് ആയ ബാങ്കിൽ നിന്ന് ബിജെപി നേതാക്കൾ കടമെടുത്ത് ചതിച്ചതിന്റെ പേരിലാണ് ആത്മഹത്യയെന്നാണ് സിപിഐഎം വാദം.
തിരുവനന്തപുരം നഗരസഭ കൗൺസിലർ അനിൽകുമാർ ആത്മഹത്യ ചെയ്യാൻ കാരണം സിപിഐഎമ്മും പൊലീസും നടത്തിയ മാനസിക പീഡനം എന്നാണ് ബിജെപി ആരോപണം. അനിൽകുമാർ പ്രസിഡന്റായ ജില്ലാ ഫാം ടൂർ സഹകരണ ബാങ്കിൽ നിന്ന് വായ്പ നൽകിയതുമായി ബന്ധപ്പെട്ട പരാതിയിൽ പൊലീസും സിപിഐഎമ്മും മാനസിക പീഡനം ഏൽപ്പിച്ചു. അതാണ് ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചത് എന്നാണ് ബിജെപി പറയുന്നത്.
അതേസമയം, പൊലീസും സിപിഐഎമ്മും അതിനെ എതിർത്ത് രംഗത്തെത്തി.നിക്ഷേപ തുക നൽകാത്തതിനെ തുടർന്ന് അനിൽകുമാറിനെതിരെ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ വിളിച്ചുവരുത്തി മധ്യസ്ഥ ചർച്ച നടത്തി വിട്ടയച്ചു എന്നാണ് തമ്പാനൂർ പൊലീസ് അറിയിക്കുന്നത്. പാർട്ടിയെയും പൊലീസിനെയും പഴിചാരി ബിജെപി രക്ഷപ്പെടുന്നെന്ന വാദവുമായി സിപിഐഎമ്മും രംഗത്തുണ്ട്.
അനിൽകുമാറിന്റെ ആത്മഹത്യ ബിജെപി നേതാക്കൾ കടമെടുത്ത് ചതിച്ചതിന്റെ പേരിലാണന്നും. ആത്മഹത്യാക്കുറിപ്പിൽ സിപിഐഎമ്മിന്റെ പേരല്ല ബിജെപിയുടെ പേരാണ് പറയുന്നതെന്നും സിപിഐഎം ജില്ലാ കമ്മിറ്റി പത്രക്കുറിപ്പിൽ അറിയിച്ചു. നാളെ വാർഡുകളിൽ പ്രതിഷേധയോഗം ചേരാനും സിപിഐഎം തീരുമാനിച്ചിട്ടുണ്ട്.നിലവിൽ അസ്വാഭാവിക മരണത്തിന് പൂജപ്പുര പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുകയാണ്. ആരോപണ പ്രത്യാരോപണങ്ങൾക്കിടെ അനിൽകുമാറിന്റെ മൃതദേഹം തിരുവനന്തപുരം ശാന്തികവാഠത്തിൽ സംസ്കരിച്ചു. തിരുമല ജംഗ്ഷനിലും വീട്ടിലും പൊതുദർശനത്തിന് വെച്ച ശേഷമായിരുന്നു സംസ്കാരം.