ഇന്ന് ‘ലോക അൽഷിമേഴ്‌സ് ദിനം’ ; ഓർമ്മകളെ മായ്ക്കുന്ന രോഗം, കരുതലോടെ ചേർത്തുപിടിക്കാം

ഓർമ്മകളെ മായ്ച്ചുകളയുന്ന ഒരു നിശ്ശബ്ദ രോഗമാണ് അൽഷിമേഴ്‌സ്. ഓരോ വർഷവും സെപ്റ്റംബർ 21 ലോകമെമ്പാടും അൽഷിമേഴ്‌സ് ദിനമായി ആചരിച്ച് ഈ രോഗത്തെക്കുറിച്ചും മറ്റ് മറവിരോഗങ്ങളെക്കുറിച്ചും (ഡിമെൻഷ്യ) പൊതുജനങ്ങളിൽ അവബോധം വളർത്തുന്നു. ഈ വർഷത്തെ അൽഷിമേഴ്‌സ് ദിനത്തിന്റെ പ്രമേയം “ഡിമെൻഷ്യയെപ്പറ്റി ചോദിക്കൂ, അൽഷിമേഴ്സിനെ മനസ്സിലാക്കൂ” (‘Know Dementia Know Alzheimer’s’) എന്നതാണ്.

എന്താണ് അൽഷിമേഴ്‌സ്?

അൽഷിമേഴ്‌സ് ഒരുതരം ഡിമെൻഷ്യയാണ്. തലച്ചോറിലെ നാഡീകോശങ്ങൾ ക്രമേണ നശിക്കുകയും പ്രവർത്തനം നിലക്കുകയും ചെയ്യുന്ന അവസ്ഥയാണിത്. ഇത് ഓർമ്മ, ചിന്താശേഷി, യുക്തി എന്നിവയെ ഗുരുതരമായി ബാധിക്കുന്നു. നാഡീകോശങ്ങൾ നശിക്കുന്നതുകൊണ്ട് ഈ രോഗത്തിന് പൂർണ്ണമായ ചികിത്സ ലഭ്യമല്ല. എങ്കിലും നേരത്തേ രോഗം കണ്ടെത്തിയാൽ അതിന്റെ തീവ്രത കുറയ്ക്കാനും ജീവിതനിലവാരം മെച്ചപ്പെടുത്താനും സാധിക്കും.

ലക്ഷണങ്ങൾ തിരിച്ചറിയാം

ഓർമ്മക്കുറവ് മാത്രമായി അൽഷിമേഴ്‌സിനെ കാണരുത്. ആദ്യഘട്ടങ്ങളിൽ മാനസിക സമ്മർദ്ദം, ഉത്കണ്ഠ, സാമൂഹികമായ പിൻവാങ്ങൽ, ഉറക്കമില്ലായ്മ എന്നിവയൊക്കെ ലക്ഷണങ്ങളാകാം. രോഗം പുരോഗമിക്കുമ്പോൾ ഓർമ്മ നശിക്കൽ, വിഭ്രാന്തി, മതിഭ്രമം, ആശയക്കുഴപ്പം തുടങ്ങിയവ പ്രകടമാകുന്നു. ചില സന്ദർഭങ്ങളിൽ ചലനശേഷി, കാഴ്ച, കേൾവി എന്നിവയെയും ഇത് ബാധിക്കാം.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം, 2030-ഓടെ മറവിരോഗം ബാധിച്ചവരുടെ എണ്ണം 7.8 കോടി കടക്കാൻ സാധ്യതയുണ്ട്. ഓരോ മൂന്ന് സെക്കൻഡിലും ഒരാൾക്ക് വീതം മറവിരോഗം ബാധിക്കുന്നുണ്ടെന്നാണ് പഠനങ്ങൾ. ഇന്ത്യയിൽ മറവിരോഗം ബാധിച്ചവരിൽ 90 ശതമാനം പേരിലും രോഗം കണ്ടെത്താൻ കഴിയുന്നില്ല എന്നത് ഒരു പ്രധാന പ്രശ്നമാണ്.

പ്രതിരോധവും പരിചരണവും

അൽഷിമേഴ്‌സിനെ പൂർണ്ണമായി തടയാൻ കഴിഞ്ഞില്ലെങ്കിലും ആരോഗ്യകരമായ ജീവിതശൈലിയിലൂടെ രോഗം വരാനുള്ള സാധ്യത കുറയ്ക്കാൻ സാധിക്കും. ചിട്ടയായ വ്യായാമം, ആരോഗ്യകരമായ ഭക്ഷണം, മാനസികാരോഗ്യം നിലനിർത്തുന്നതിനുള്ള ശ്രമങ്ങൾ എന്നിവ ഇതിൽ പ്രധാനമാണ്. രോഗം നേരത്തേ കണ്ടെത്തുകയും ശരിയായ ചികിത്സ നൽകുകയും ചെയ്താൽ രോഗത്തിന്റെ പുരോഗതി വൈകിപ്പിക്കാനും രോഗിയുടെയും പരിചരിക്കുന്നവരുടെയും ജീവിതം സുഗമമാക്കാനും കഴിയും.

മറവിരോഗം ബാധിച്ചവരെ സമൂഹത്തിൽ ഒറ്റപ്പെടുത്താതെ സ്നേഹത്തോടെയും കരുതലെടുക്കാനും ചേർത്തുപിടിക്കാനുമുള്ള ഉത്തരവാദിത്തം നമുക്കോരോരുത്തർക്കുമുണ്ട്. ഈ രോഗത്തെക്കുറിച്ചുള്ള അവബോധം വളർത്തുന്നത് ഇതിന് സഹായകമാകും.