മാതാ അമൃതാനന്ദമയി മഠത്തിന്റെ ഈ വർഷത്തെ അമൃതകീർത്തി പുരസ്കാരത്തിന് പ്രശസ്ത നോവലിസ്റ്റും കഥാകാരനും തിരക്കഥാകൃത്തും പ്രഭാഷകനുമായ പി ആർ നാഥൻ അർഹനായി. 1,23,456 രൂപയും ആർട്ടിസ്റ്റ് നമ്പൂതിരി രൂപകൽപന ചെയ്ത സരസ്വതീ ശിൽപവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്ക്കാരം. നോവലിസ്റ്റ്, തിരക്കഥാകൃത്ത്, നാടകകൃത്ത്, ചെറുകഥാകൃത്ത്, യാത്രാവിവരണ എഴുത്തുകാരൻ, പ്രഭാഷകൻ എന്നീ നിലകളിൽ പ്രശസ്തനാണ് പി ആർ നാഥൻ.
മാതാ അമൃതാനന്ദമയി ദേവിയുടെ എഴുപത്തിരണ്ടാം പിറന്നാൾ ദിനമായ സെപ്തംബർ 27ന് കൊല്ലം അമൃതപുരി അമൃതവിശ്വവിദ്യാപീഠം ക്യാംപസിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും. ആധ്യാത്മിക, വൈജ്ഞാനിക, ശാസ്ത്ര രംഗങ്ങളിലെ പ്രഗത്ഭർക്ക് 2001 മുതൽ അമൃതകീർത്തി പുരസ്ക്കാരം നൽകിവരുന്നു. സ്വാമി അമൃതസ്വരൂപാനന്ദ പുരി അദ്ധ്യക്ഷനും ഡോ. കെ. എസ്. രാധാകൃഷ്ണൻ, ഡോ. എം. ലക്ഷ്മീകുമാരി, ശ്രീ പി. നാരായണക്കുറുപ്പ്, സ്വാമി തുരീയാമൃതാനന്ദ പുരി എന്നിവർ അംഗങ്ങളുമായുള്ള കമ്മറ്റിയാണ് പുരസ്ക്കാരനിർണ്ണയം നടത്തിയത്.
തത്വചിന്താപരമായ രചനകളിലൂടെ മലയാള സാഹിത്യത്തെ ദാർശനിക തലത്തിലേക്ക് ഉയർത്തിയ കഥാകാരനാണ് പി ആർ നാഥനെന്നും എഴുത്തിൽ നന്മയും സ്നേഹവും മാത്രമാണ് അദ്ദേഹം ഇതിവൃത്തമാക്കിയത് എന്നും ആ സന്ദേശത്തിനാണ് പുരസ്കാരമെന്നും മാതാ അമൃതാനന്ദമയി മഠം ട്രസ്റ്റി സ്വാമി തുരീയാമൃതാനന്ദപുരി പറഞ്ഞു.
പ്രഭാഷണങ്ങളിലൂടെ പ്രായോഗിക ജീവിതത്തിന്റെ ദാർശനിക വീക്ഷണത്തെ പരിചയപ്പെടുത്തുന്നതിൽ പി ആർ നാഥൻ വഹിച്ച പങ്ക് വളരെ വലുതാണ്. 21 നോവലുകളും അഞ്ഞൂറിൽ അധികം ചെറുകഥകളും വിവിധ വിഭാഗങ്ങളിലായി 55 ലധികം പുസ്തകങ്ങളും സിനിമ-നാടക രചനകളും എഴുതിയ പി ആർ നാഥന് സമഗ്ര സംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് അടക്കം നിരവധി പുരസ്കാരങ്ങളും നേടിയിട്ടുണ്ട്.