Headlines

രാജീവ് ചന്ദ്രശേഖറിനെതിരെ ബിജെപിയില്‍ പടയൊരുക്കം; ആഗോള അയ്യപ്പസംഗമത്തില്‍ നിന്നും വിട്ടുനിന്നത് തിരിച്ചടിയുണ്ടാക്കുമെന്ന് ആശങ്ക

ആഗോള അയ്യപ്പസംഗമത്തില്‍ നിന്നും വിട്ടുനില്‍ക്കാനുള്ള തീരുമാനം രാഷ്ട്രീയമായി തിരിച്ചടിക്കുമെന്ന് ഒരു വിഭാഗം ബിജെപി നേതാക്കള്‍ക്ക് ആശങ്ക. ആഗോള അയ്യപ്പ സംഗമത്തില്‍ നിന്നും വിട്ടുനില്‍ക്കാനുള്ള തീരുമാനം സംസ്ഥാന അധ്യക്ഷന്‍ ഏകപക്ഷീയമായാണ് കൈക്കൊണ്ടതെന്നും വിശ്വാസികള്‍ക്കിടയില്‍ ഉണ്ടായിരുന്ന സ്വീകാര്യതയ്ക്ക് അത് മങ്ങലേല്‍പ്പിച്ചിരിക്കയാണ് എന്നുമാണ് ചില നേതാക്കളുടെ വിലയിരുത്തല്‍. തിരുവിതാംകൂര്‍ ദേവസ്വമാണ് ആഗോള അയ്യപ്പസംഗമത്തിന്റെ നടത്തിപ്പുകാര്‍. ആഗോള അയ്യപ്പസംഗമത്തില്‍ മുഖ്യാതിഥിയായി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ എത്തുമെന്നായിരുന്നു ആദ്യം പറഞ്ഞുകേട്ടിരുന്നത്. ഇതിനെതിരെയായിരുന്നു രാജീവ് ചന്ദ്രശേഖരന്റെ ആദ്യ പ്രതികരണം.

പിണറായി വിജയനും, എം കെ സ്റ്റാലിനും ശബരിമലയെ തകര്‍ക്കാനായി ശ്രമം നടത്തിയവരാണെന്നും, അതിനാല്‍ സ്റ്റാലിനെ എന്ത് വിലകൊടുത്തും തടയുമെന്ന നിലപാട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ആവര്‍ത്തിച്ചു. ഇതോടെ സ്റ്റാലിന്‍ പരിപാടിയില്‍ നിന്നും പിന്‍വലിയുകയായിരുന്നു. ബിജെപി നേതൃത്വം ആഗോള അയ്യപ്പസംഗമത്തിന് എതിരാണെന്നും അയ്യപ്പനെയും ശബരിമല വിശ്വാസികളെയും അധിക്ഷേപിച്ചവരാണ് ഇടത് മുന്നണിയെന്നും അതിനാല്‍ ബിജെപി ഒറ്റക്കെട്ടായി സംഗമത്തെ എതിര്‍ക്കുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ നിലപാട് കടുപ്പിച്ചു. എന്നാല്‍ എന്‍ എസ് എസും, എസ് എന്‍ ഡി പിയും ആഗോള അയ്യപ്പ സംഗമത്തിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തുവന്നു. ഇതോടെ ബി ജെ പി നേതൃത്വം വെട്ടിലായി. ആഗോള അയ്യപ്പസംഗമത്തില്‍ പങ്കെടുക്കണമെന്ന ദേവസ്വം ബോർഡിന്റെ അഭ്യര്‍ത്ഥന കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി തള്ളാന്‍ കാരണം ബി ജെ പി സംസ്ഥാന നേതൃത്വത്തിന്റെ എതിര്‍പ്പായിരുന്നു.

സംസ്ഥാന സര്‍ക്കാര്‍ അയ്യപ്പ വിശ്വാസികളെ രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്നായിരുന്നു ബി ജെ പിയുടെ ആരോപണം. എന്നാല്‍ കേരളത്തിലെ പ്രമുഖരെല്ലാം അയ്യപ്പസംഗമത്തിന് പിന്തുണ പ്രഖ്യാപിച്ചതോടെ ബി ജെ പി ക്യാമ്പില്‍ കടുത്ത ആശങ്കയുടലെടുത്തിരിക്കയാണ്. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദങ്ങളില്‍ ബി ജെ പി നേതൃത്വം നടത്തിയ ഇടപെടല്‍ പാര്‍ട്ടിക്ക് വന്‍നേട്ടമാണ് ഉണ്ടാക്കിയത്. വിശ്വാസി സമൂഹത്തിനുവേണ്ടി അടിയുറച്ചുനില്‍ക്കുന്നുവെന്ന ധാരണയുണ്ടാക്കിയെടുക്കാന്‍ നേതൃത്വത്തിന് കഴിഞ്ഞു. ശബരിമലയുടെ സമഗ്രവികസനം ചര്‍ച്ച ചെയ്യുന്നതിനായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നടത്തുന്ന അയ്യപ്പസംഗമത്തെ കണ്ണടച്ച് എതിര്‍ക്കാന്‍ ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ എന്ന നിലയില്‍ രാജീവ് ചന്ദ്രശേഖരന്‍ എടുത്ത തീരുമാനം തെറ്റായിപ്പോയി എന്നാണ് കഴിഞ്ഞ ദിവസം നടന്ന കോര്‍ കമിറ്റി യോഗത്തില്‍ ചിലനേതാക്കള്‍ അഭിപ്രായപ്പെട്ടത്. ബി ജെ പി വിശ്വാസികള്‍ക്കൊപ്പം എന്ന സന്ദേശമായിരുന്നു സ്വീകരിക്കേണ്ടിയിരുന്നത് എന്നാണ് നിലപാട്. ബി ജെ പിയോട് ആഭിമുഖ്യം പുലര്‍ത്തുന്ന സാമുദായ സംഘടനകള്‍ ഇടത് സര്‍ക്കാരിന്റെ അയ്യപ്പ സംഗമത്തിന് പിന്തുണ പ്രഖ്യാപിച്ചതാണ് ബി ജെ പി നേതാക്കളെ കുഴക്കുന്നത്.

കേരളത്തില്‍ അധികാരം പിടിക്കലാണ് ബി ജെ പി ദേശീയ നേതൃത്വത്തിന്റെ പ്രധാനലക്ഷ്യം. ഇതിന്റെ ഭാഗമായാണ് ബി ജെ പി ദേശീയ നേതൃത്വം മുന്‍ കേന്ദ്രമന്ത്രിയും വ്യവസായിയുമായ രാജീവ് ചന്ദ്രശേഖറിനെ ബി ജെ പി സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് കൊണ്ടുവന്നത്. കേരളത്തില്‍ സ്ഥിരതാമസക്കാരനല്ലെങ്കിലും രാജീവ് ചന്ദ്രശേഖരനെ കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ എന്‍ ഡി എ സ്ഥാർഥിയായി തിരുവനന്തപുരത്ത് മത്സരിപ്പിച്ചതിന് പിന്നില്‍ ബി ജെ പി നേതൃത്വത്തിന് വ്യക്തമായ അജണ്ടകള്‍ ഉണ്ടായിരുന്നു. തിരുവനന്തപുരത്ത് ശശി തരൂരിനെ നേരിടാന്‍ ശക്തിയുള്ള സ്ഥാനാര്‍ഥിയായി ദേശീയ നേതൃത്വം കണ്ടത് രാജീവ് ചന്ദ്രശേഖറെ മാത്രമായിരുന്നു. കേരളത്തില്‍ സ്വീകാര്യതയുള്ള നേതാവായി രാജീവിനെ മാറ്റിയെടുക്കുകയും അടുത്ത തവണ തിരുവനന്തപുരത്ത് നിന്നും അദ്ദേഹത്തെ പാര്‍ലമെന്റില്‍ എത്തിക്കുകയാണ് ബി ജെ പി അജണ്ട. രാജീവ് ചന്ദ്രശേഖറിന് മികച്ച മുന്നേറ്റ മുണ്ടാക്കാന്‍ കഴിഞ്ഞതോടെ സംസ്ഥാന അധ്യക്ഷപദവി ഏല്‍പ്പിക്കാന്‍ കെല്‍പ്പുള്ള നേതാവായി രാജീവിനെ നേതൃത്വം കാണുകയായിരുന്നു.

സംസ്ഥാന ബി ജെ പിയെ നയിക്കാന്‍ കുപ്പായം തുന്നിയ പലരെയും ഇത് ഞെട്ടിച്ചു. ശോഭാ സുരേന്ദ്രന്‍, എം ടി രമേഷ് തുടങ്ങി നിരവധി പേരുകളാണ് സംസ്ഥാന അധ്യക്ഷസ്ഥാനത്തേക്ക് ഉയര്‍ന്നിരുന്നത്. അന്നത്തെ അധ്യക്ഷനായിരുന്ന കെ സുുരേന്ദ്രന്‍ ഒരുവട്ടം കൂടി തുടരാനുള്ള തീവ്രശ്രമവും നടത്തി. താനല്ലെങ്കില്‍ വി മുരളീധരന്‍ വരണമെന്നായിരുന്നു സുരേന്ദ്രന്‍ ആഗ്രഹിച്ചിരുന്നത്. എന്നാല്‍ അതൊന്നും കേന്ദ്രനേതൃത്വം പരിഗണിച്ചില്ല. പാലക്കാട് ഉപതിരഞ്ഞെടുപ്പോടെ ബി ജെ പിയില്‍ കെ സുരേന്ദ്രന്‍ യുഗം അവസാനിച്ചിരുന്നു.

പാര്‍ട്ടിയിപ്പോള്‍ ഒരു കോര്‍പ്പറേറ്റ് കമ്പനിപോലെയാണ് പ്രവര്‍ത്തിക്കുന്നതെന്നാണ് മുതിര്‍ന്ന നേതാക്കളടക്കമുള്ളവരുടെ ആരോപണം. പ്രവര്‍ത്തന പരിചയമുള്ളവരുടെ അഭിപ്രായങ്ങള്‍ ഒന്നും തേടാതെ സംസ്ഥാന അധ്യക്ഷന്‍ സ്വന്തം നിലയില്‍ നിലപാട് സ്വീകരിക്കുന്നത് വരും നാളുകളില്‍ തിരിച്ചടിക്ക് കാരണമാവുമെന്നും പക്വതയില്ലാത്ത പ്രവര്‍ത്തന രീതി തുടര്‍ന്നാല്‍ വരുന്ന തദ്ദേശ തിരഞ്ഞെടുപ്പിലും നിയമസഭാ തിരിഞ്ഞെടുപ്പിലും തിരിച്ചടിയുണ്ടാവുമെന്നുമാണ് നേതാക്കളില്‍ ഒരു വിഭാഗത്തിന്റെ ആരോപണം. കെ സുരേന്ദ്രനും വി മുരഴീധരനും അടങ്ങുന്ന ഒരു വിഭാഗം കടുത്ത അതൃപ്തിയിലാണ്.