Headlines

കെ ടി ജലീലിനെതിരെ വിജിലൻസിൽ പരാതി നൽകി യുഡിഎഫ്

കെ ടി ജലീലിനെതിരെ വിജിലൻസിൽ പരാതി നൽകി യുഡിഎഫ്. ചമ്രവട്ടം റഗുലേറ്റർ കം ബ്രിഡ്ജ് പുനർനിർമാണ പദ്ധതിയിൽ അഴിമതി ആരോപിച്ചാണ് പരാതി. പുനർനിർമാണ പദ്ധതിയിൽ പൈലിംഗ് ഷീറ്റിന് ഘനം കുറച്ച് കോടികളുടെ അഴിമതി നടത്തി എന്നാണ് ആരോപണം

യുഡിഎഫ് മലപ്പുറം ജില്ല ചെയർമാൻ പിടി അജയമോഹൻ ആണ് പരാതി നൽകിയത്. പദ്ധതി ഉടൻ തന്നെ പൂർത്തീകരിക്കുമെന്നും ഒരു അഴിമതിയും നടത്തിയിട്ടില്ലെന്നും കെടി ജലീൽ പ്രതികരിച്ചു. ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു എന്നും കെടി ജലീൽ വ്യക്തമാക്കി.

അതേസമയം എംഎല്‍എ കെ ടി ജലീലിനെതിരെ പിവി അൻവർ രംഗത്തെത്തിയിരുന്നു. മുസ്‌ലിം, മലപ്പുറം വിരുദ്ധ പരാമർശങ്ങൾ നടത്തുന്ന വെള്ളാപ്പള്ളി നടേശനെ പിന്തുണക്കാൻ ഒരു ഇടതുപക്ഷ നേതാവും വന്നിട്ടില്ല. പക്ഷേ കെ ടി ജലീൽ വന്നു. ഉന്നത വിദ്യാഭ്യാസ മന്ത്രി ആയിരുന്നല്ലോ കെ ടി ജലീൽ. എന്നിട്ട് അദ്ദേഹം മലപ്പുറത്തിന് വേണ്ടി എന്ത് ചുക്കാണ് ചെയ്തതെന്ന് പി വി അൻവർ വാർത്തസമ്മേളനത്തിൽ ചോദിച്ചു.

ജലീൽ പറയുന്നത് ആരും വിശ്വസിക്കില്ല. അത് ജലീലിനും അറിയാം. അതാണ്‌ ഖുർആനെ കയ്യിൽ പിടിക്കുന്നത്. ജലീലിന്റെ കയ്യിൽ എപ്പോഴും രണ്ട് സഞ്ചികൾ ഉണ്ടാകും. ഒന്നിൽ ഖുർആനും മറ്റൊന്നിൽ യൂത്ത് ലീഗ് കാർ ഉടുത്ത തുണിയുമാണെന്ന് പി വി അൻവർ പറഞ്ഞു. വാർത്തസമ്മേളനത്തിൽ യുഡിഎഫിനെയും പിവി അൻവർ വിമർശിച്ചു. പ്രതിപക്ഷ നേതാവ് വി ഡി സതീശനെ ഒറ്റ തിരിഞ്ഞു ആക്രമിക്കുകയാണ് സിപിഎം. അതിനെ പ്രതിരോധിക്കാൻ യുഡിഎഫിലെ ഒരു മുതിർന്ന നേതാവും തയാറാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.