മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ പതിനൊന്ന് വയസുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. ആറാം ക്ലാസ് വിദ്യാര്‍ത്ഥിയായ ജീത്തു യുവരാജാണ് കൊല്ലപ്പെട്ടത്. ഡബ്ല്യുസിഎല്‍ കോളനിയില്‍ കുറ്റിക്കാടിനുള്ളില്‍ യൂണിഫോം ധരിച്ച നിലയില്‍ കുട്ടിയുടെ മൃതദേഹം കിടക്കുന്നതായി കന്നുകാലികളെ മേയ്ക്കാനിറങ്ങിയവരാണ് കണ്ടെത്തിയത്. ഇവര്‍ ഉടന്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
സെപ്റ്റംബര്‍ 15ന് സ്‌കൂളിലേക്കിറങ്ങിയ കുട്ടി പിന്നീട് വീട്ടില്‍ തിരിച്ചെത്തിയില്ല. കുട്ടി ഒരു കാറില്‍ കയറി പോകുന്നത് കണ്ടതായി നാട്ടുകാരില്‍ ചിലര്‍ പൊലീസിനെ അറിയിച്ചിരുന്നു. ജീത്തുവിന്റെ പിതാവിന് അടുത്തിടെ നടന്ന ഒരു സ്ഥലവില്‍പ്പനയില്‍ നിന്ന് കുറച്ച് പണം ലഭിച്ചിട്ടുണ്ടെന്ന് അറിഞ്ഞ ഒരു സംഘം മോചനദ്രവ്യം ലക്ഷ്യംവച്ചാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. കുട്ടിയുടെ നാട്ടുകാരായ രാഹുല്‍ പാല്‍, അരുണ്‍ ഭാരതി, യാഷ് വെര്‍മ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
തന്നെ ബലമായി പിടികൂടിയവരെ കുട്ടി തിരിച്ചറിയുകയും ശേഷം ചോദ്യം ചെയ്യാന്‍ തുടങ്ങുകയും ചെയ്തതോടെ പിടിക്കപ്പെടുമെന്ന ഭയത്തിലാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന് പ്രതികള്‍ പറഞ്ഞു. ആര്‍ക്കും സംശയം തോന്നാതിരിക്കാന്‍ മൃതദേഹം ആളൊഴിഞ്ഞ കുറ്റിക്കാട്ടില്‍ ഉപേക്ഷിക്കുകയുമായിരുന്നു.