ആഗോള അയ്യപ്പ സംഗമത്തിന് ബദലായി സംഘപരിവാർ സംഘടനകൾ നടത്തുന്ന വിശ്വാസ സംഗമം തമിഴ്നാട് ബിജെപി മുൻ അധ്യക്ഷൻ കെ അണ്ണാമലൈ ഉദ്ഘാടനം ചെയ്യും. 22ന് പന്തളത്താണ് ഭക്തജന സംഗമം നടക്കുക. ശബരിമല കർമ്മസമിതിയുടെ നേതൃത്വത്തിലാണ് പരിപാടി. ശബരിമല സംരക്ഷണ സമ്മേളനം എന്ന പേരിലാണ് വിശ്വാസ സംഗമം സംഘടിപ്പിക്കുന്നത്. വിശ്വാസത്തോടൊപ്പം വികസനം എന്നതാണ് സമ്മേളന സന്ദേശം.
രണ്ട് ഘട്ടമായാണ് പരിപാടി നടക്കുക. രാവിലെ ശബരിമല, വിശ്വാസം വികസനം സുരക്ഷ എന്നീ വിഷയത്തിൽ സെമിനാർ നടക്കും. രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ പന്തളം നാനാക് കൺവെൻഷൻ സെൻററിലാണ് സെമിനാർ നടക്കുക. പരിപാടിയുടെ നോട്ടീസ് ഇറങ്ങി. ഉച്ചയ്ക്ക് ശേഷം മൂന്ന് മണി മുതൽ -സ്വാമി അയ്യപ്പൻ നഗറിലാണ് ഭക്തജന സംഗമം നടക്കുക. സെമിനാറിൽ ക്ഷണിക്കപ്പെട്ടവർക്ക് ഒപ്പം അയ്യപ്പഭക്തരും വിശ്വാസികളും,ഭാരവാഹികളും പ്രവർത്തകരുമടക്കം ഏതാണ്ട് 15000 ഓളം പേർ വിശ്വാസ സംഗമത്തിൽ പങ്കെടുക്കും.
അതേസമയം ആഗോള അയ്യപ്പ് സംഗമത്തിനായുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണ്. ശനിയാഴ്ച രാവിലെ 9.30 മണിക്ക് തന്നെ പരിപാടി ആരംഭിക്കും. 10.30 ന് പമ്പ തീരത്ത് ആഗോള അയ്യപ്പ സംഗമം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. തുടർന്ന് വിവിധ സെഷനുകൾ പൂർത്തീകരിച്ച്, സമാപന സമ്മേളനത്തിൽ ക്രോഡീകരിച്ച റിപ്പോർട്ട് അവതരിപ്പിക്കും. നാലുമണിക്ക് ശേഷം സംഗമത്തിന് എത്തുന്ന ഡെലിഗേറ്റുകൾക്ക് അയ്യപ്പ ദർശനത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.