Headlines

ഗസ്സ സിറ്റിയിൽ കരയാക്രമണവും ബോംബിങും കടുപ്പിച്ച് ഇസ്രയേൽ; പലായനം ചെയ്യുന്നത് നാല് ലക്ഷത്തോളം പേർ

ഗസ്സ സിറ്റിയിൽ‌ ആക്രമണം കടുപ്പിച്ച് ഇസ്രയേൽ. കരയാക്രമണവും കനത്ത ബോംബിങുമാണ് നടക്കുന്നത്. ​ഗസ്സയുടെ തെക്കൻ ഭാഗത്തേയ്ക്ക് ഇതിനകം നാല് ലക്ഷത്തോളം പേരാണ് പലായനം ചെയ്യുന്നത്. എന്നാൽ രക്ഷപ്പെട്ട് ഓടുന്ന ജനം രണ്ട് ഭാഗത്ത് നിന്നുമെത്തുന്ന ഇസ്രയേൽ സൈന്യത്തിനിടയിൽപ്പെട്ട് കൂടുതൽ ദുരിതത്തിലാകുകയാണ്.

ആക്രമണത്തിൽ പലയാനം ചെയ്യുന്ന പലർക്കും ജീവൻ നഷ്ടമായി. പലരും ഗസ്സയിൽ നിന്ന് പല തവണ ഇങ്ങനെ നിർബന്ധിതമായി പലായനം ചെയ്യേണ്ടി വന്നവരുമാണ്. എങ്ങനെയെങ്കിലും രക്ഷപ്പെട്ട് തെക്കൻ ഗസ്സയിലെത്തിയാലും ദുരിതത്തിന് മാറ്റമില്ലെന്നാണ് അവിടെ നിന്നുള്ള റിപ്പോർട്ടുകൾ. പട്ടിണിയും പകർച്ചാവ്യാധിയും തെക്കൻ ഗസ്സയിലെ അതിജീവനവും കൂടുതൽ ദുഷ്കരമാക്കുകയാണ്.

തെക്കൻ ഗസയിലെ അൽ മവാസിയെ ഇസ്രയേൽ സുരക്ഷിതമേഖലയായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അൽ മവാസിയിലും ആക്രമണങ്ങൾ നടക്കുന്നുണ്ടെന്നാണ് വിവരം.ഗസയിലെ അൽ-ഷിഫ ആശുപത്രിക്കടുത്തും അൽ-അഹ്‌ലി ആശുപത്രിയ്ക്കടുത്തും ആക്രമണം ഉണ്ടായി. വടക്കൻ ഗസയിലുള്ള പത്ത് ലക്ഷത്തോളം പേരിൽ മൂന്നര ലക്ഷത്തോളം പേർ നഗരം വിട്ടുവെന്നാണ് റിപ്പോർട്ടുകൾ.

അൽ-റാഷിദ് തീരദേശറോഡിനു പുറമേ, പലായനത്തിനായി തുറന്ന സലാ- അൽ-ദിൻ തെരുവിലൂടെയുള്ള പാത നാളെ ഉച്ചയോടെ അടയ്ക്കുമെന്ന് ഇസ്രയേൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇസ്രയേലിന്റെ നടപടികൾ മനുഷ്യാവകാശ-ജനാധിപത്യ ലംഘനമെന്നും യൂറോപ്യൻ യൂണിയൻ വിമർശിച്ചു. ഇസ്രയേലുമായുള്ള വ്യാപാരവ്യവസ്ഥകൾ താൽക്കാലികമായി നിർത്തിവയ്ക്കാൻ യൂറോപ്യൻ യൂണിയൻ നിർദേശിച്ചിട്ടുണ്ട്. ചൈന, ഖത്തർ, സൗദി അറേബ്യ, കാനഡ തുടങ്ങിയ രാജ്യങ്ങൾ ഇസ്രയേൽ ആക്രമണത്തെ അപലപിച്ചു.