ശബരിമല ദ്വാരപാലക ശില്പത്തിലെ സ്വര്‍ണപ്പാളിയുടെ തൂക്കവ്യത്യാസത്തില്‍, ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച ഉണ്ടായിട്ടുണ്ടെങ്കില്‍ നടപടിയെടുക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് . സ്വര്‍ണപ്പാളി സമര്‍പ്പിച്ചിട്ടുണ്ടെങ്കില്‍ മഹസറില്‍ രേഖപ്പെടുത്തിയിട്ടുണ്ടാകും. എസ്പി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കട്ടെയെന്നും പി എസ് പ്രശാന്ത് പറഞ്ഞു
കോടതി ചില വിഷയത്തില്‍ ചോദ്യങ്ങള്‍ ചോദിച്ചു. അതില്‍ ഞങ്ങള്‍ കൃത്യമായ മറുപടി കൊടുത്തു. നടപടിക്രമങ്ങള്‍ പാലിച്ചാണ് കൊണ്ടുപോയത്, സ്പെഷ്യല്‍ കമ്മീഷണറെ അറിയിക്കാന്‍ മാത്രമാണ് വൈകി പോയത് അത് മാത്രമാണ് പ്രശ്നം. സാങ്കേതിക പ്രശ്നമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അത് കോടതി അംഗീകരിക്കുകയും ചെയ്തു.
2019 പ്രശ്നത്തിലും ദേവസ്വം വിജിലന്‍സ് എസ്പിയാണ് അന്വേഷണം നടത്തുന്നതെന്ന് പി എസ് പ്രശാന്ത് ചൂണ്ടിക്കാട്ടി. അദ്ദേഹം അത് കൃത്യമായി അന്വേഷിച്ചു കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. സ്പോണ്സര് പീഠം സമര്‍പ്പിച്ചിട്ടുണ്ടെങ്കില്‍ അത് ഇവിടെ തന്നെ കാണും. ദേവസ്വം ബോര്‍ഡില്‍ ഒരു പൊട്ട് സമര്‍പ്പിച്ചാല്‍ പോലും അതിന് ഒരു രീതിയുണ്ട്. മഹസര്‍ തയാറാക്കിയാണ് അത് സ്വീകരിക്കുന്നത്. വെറുതേ കൊണ്ടുവച്ചിട്ട് പോകാന്‍ സാധിക്കില്ല. അവിടെ ഉണ്ടെങ്കില്‍ അവിടെ ഉണ്ടാകും. തിരുവാഭരണം കമ്മീഷണറോടും വിജിലന്‍സ് എസ്പിയോടും പരിശോധിക്കാന്‍ പറഞ്ഞിട്ടുണ്ട്. ഏതെങ്കിലും ഉദ്യോഗസ്ഥന് 2019ലെ ഈ ഇടപാടില്‍ വീഴ്ച ഉണ്ടെങ്കില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കും. സ്വര്‍ണ്ണത്തിന്റെ തൂക്കം കുറഞ്ഞതും ഈ അന്വേഷണത്തിന്റെ ഭാഗമായി വരും. ദേവസ്വം ബോര്‍ഡിന് സ്വര്‍ണ്ണക്കള്ളന്മാര്‍ ആക്കാന്‍ ശ്രമിക്കുന്നവരുടെ രാഷ്ട്രീയത്തെക്കുറിച്ച് പറയുന്നില്ല. ആഗോള സംഗമത്തിന് ഡാമേജ് വരുത്താനുള്ള ശ്രമങ്ങളാണ്. എല്ലാം അന്വേഷിക്കട്ടെ ഒരു കുഴപ്പവും ഇല്ല – പിഎസ് പ്രശാന്ത് പറഞ്ഞു.
ആഗോള അയ്യപ്പ സംഗമത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്നും അദ്ദേഹം പറഞ്ഞു. സമയക്രമം പാലിച്ചു തന്നെ പരിപാടികള്‍ നടക്കും. മൂന്നു വേദികളില്‍ ചര്‍ച്ചകള്‍ നടക്കും. മൂന്ന് സെക്ഷനുകളെയും ക്രോഡീകരിച്ച് കണ്‍സെപ്റ്റ് നോട്ട് ഉണ്ടാക്കി മന്ത്രി അവതരിപ്പിക്കും. പ്രതിപക്ഷം ഉള്‍പ്പെടെ പങ്കെടുക്കണമെന്നാണ് അഭ്യര്‍ഥിക്കാനുള്ളത് – പിഎസ് പ്രശാന്ത് വ്യക്തമാക്കി.