രാഹുൽ ഗാന്ധിയെ പ്രകീർത്തിച്ച് മുൻ പാക് ക്രിക്കറ്റ് താരം ഷാഹീദ് അഫ്രീദി. ഇന്ത്യയിലെ നിലവിലെ സർക്കാർ മതവും മുസ്ലിം- ഹിന്ദു കാർഡും കളിക്കുകയാണെന്നും ഇത് മോശപ്പെട്ട മാനസികാവസ്ഥയാണെന്നും അഫ്രീദി. രാഹുൽ ഗാന്ധിയുടേത് പോസിറ്റീവ് മാനസികാവസ്ഥയാണ്. രാഹുൽ സംവാദത്തിൽ വിശ്വസിക്കുന്നുവെന്നും പാകിസ്താനിലെ സമാ ടിവിയിലെ സംവാദത്തിൽ അഫ്രീദി പറഞ്ഞു.
ഏഷ്യാ കപ്പിൽ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ പാകിസ്താൻ താരങ്ങൾക്ക് ഹസ്തദാനം വിസമ്മതിച്ചതിനെത്തുടർന്ന് വലിയ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. ഈ വിഷയത്തിൽ പ്രതികരിക്കുന്നതിനിടെയാണ് ഷാഹീദ് അഫ്രീദി രാഹുൽ ഗാന്ധിയെ പ്രശംസിച്ചത്. “രാഹുൽ ഗാന്ധിക്ക് വളരെ പോസിറ്റീവ് മാനസികാവസ്ഥയാണ് ഉള്ളത്. എല്ലാവരെയും ചർച്ചയിലൂടെ ഒരുമിച്ച് കൊണ്ടുപോകാൻ അദ്ദേഹം ആഗ്രഹിക്കുന്നു” എന്നായിരുന്നു അഫ്രീദിയുടെ പരാമർശം.
അതേസമയം അഫ്രീദിയെ കടുത്ത സ്വരത്തിൽ വിമർശിച്ച് ബി ജെ പി ദേശീയ വക്താവ് ഷെഹ്‌സാദ് പൂനാവാല രംഗത്തെത്തി. ഇന്ത്യയെ വെറുക്കുന്ന എല്ലാവരും രാഹുൽ ഗാന്ധിയിലും കോൺഗ്രസിലും സഖ്യകക്ഷിയെ കണ്ടെത്തുന്നുവെന്നും ഐ എൻ സി എന്നാൽ ഇസ്ലാമാബാദ് നാഷണൽ കോൺഗ്രസ് ആണെന്നും പൂനാവാല പറഞ്ഞു. “രാഹുൽ ഗാന്ധിക്ക് ഒരു പുതിയ ആരാധകനെ ലഭിച്ചു” എന്ന് ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരി പരിഹസിച്ചു.
ഏഷ്യാ കപ്പിലെ മത്സരത്തിൽ പാകിസ്താനെതിരെ ഇന്ത്യ ജയിച്ചിരുന്നു. എന്നാൽ മത്സരത്തിന് ശേഷം ഇന്ത്യൻ താരങ്ങൾ ആരും തന്നെ പാക് താരങ്ങൾ ഹസ്തദാനം ചെയ്യുന്നതിനായി ഗ്രൗണ്ടിലെത്തിയില്ലായിരുന്നു. പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നുവെന്നും രാജ്യത്തിനായി ധീരതയോടെ പോരാടിയവർക്കുള്ളതാണ് ഈ ജയമെന്നും മത്സര ശേഷം ക്യാപ്റ്റൻ സൂര്യകുമാർ യാദവ് പറഞ്ഞിരുന്നു.