Headlines

അച്ഛൻ പാർട്ടിക്ക് വേണ്ടി ഉണ്ടാക്കിയ സാമ്പത്തിക ബാധ്യത ഞങ്ങളുടെ തലയിലാക്കുകയാണ് കോൺഗ്രസ്; പത്മജ

സാമ്പത്തിക ബാധ്യതകൾ ഏറ്റെടുക്കുന്ന കാര്യം സിപിഐഎം നേതാക്കൾ തങ്ങളോട് പറഞ്ഞിട്ടില്ലെന്ന് വയനാട് ഡിസിസി മുൻ ട്രഷറർ ആയിരുന്ന എൻ എം വിജയൻറെ മരുമകൾ പത്മജ വിജേഷ്. മാധ്യമങ്ങളിലൂടെ ആണ് ഇക്കാര്യം അറിഞ്ഞത്. സിപിഐഎം സഹായ സന്നദ്ധത അറിയിച്ചിട്ടുണ്ടെങ്കിൽ അത് കോൺഗ്രസിൻ്റെ പരാജയം ആണെന്നും പത്മജ വ്യക്തമാക്കി.

ബത്തേരി അർബൻ ബാങ്കിൻറെ ഭാഗത്തുനിന്ന് തിരിച്ചടവ് ഭീഷണിയുണ്ട് എന്ന് എവിടെയും പറഞ്ഞിട്ടില്ല. ജൂൺ 30 നകം ആധാരം എടുത്തു തരാം എന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആണ് ഉറപ്പു നൽകിയത്. 2007 കാലഘട്ടത്തിൽ എൻ എം വിജയൻ എടുത്ത ലോൺ ബിസിനസ് ആവശ്യങ്ങൾക്കല്ല ഉപയോഗിച്ചത്.
പാർട്ടി ആവശ്യങ്ങൾക്ക് വേണ്ടിയാണ് ഉപയോഗിച്ചത്.തനിക്കെതിരെ വ്യക്തിപരമായി സൈബർ ആക്രമണം നടത്തുന്നു. കോൺഗ്രസ് നേതാക്കളാണ് സൈബർ ആക്രമണം നടത്തുന്നത്. ഇതിനെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകും പത്മജ പറഞ്ഞു.
എന്നാൽ എംഎൽഎമാർ ആവശ്യപ്പെട്ടത് അനുസരിച്ചാണ് തിരിച്ചടവുമായി ബന്ധപ്പെട്ട നടപടികളിലേക്ക് പോകാത്തത് എന്ന് ബത്തേരി അർബൻ ബാങ്ക് പ്രസിഡൻ്റ് DP രാജശേഖരൻ പറഞ്ഞു.

ഇന്നലെയാണ് എൻ എം വിജയൻ്റെ മരുമകൾ പത്മജയെ സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എം വി ജയരാജൻ ആശുപത്രിയിൽ എത്തി കണ്ടത്. എൻ എം വിജയൻ്റെ കുടുംബം ആവശ്യപ്പെട്ടാൽ സിപിഐഎം സഹായിക്കും എന്നായിരുന്നു ഉറപ്പ്. ഇങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ അത് കോൺഗ്രസിന്റെ പരാജയം ആണ് എന്ന് പത്മജ പറഞ്ഞു. വിശ്വസിച്ച പാർട്ടിയിൽ നിന്ന് നീതി കിട്ടാത്തതിനാലാണ് മറ്റൊരു പാർട്ടി സഹായ സന്നദ്ധതയുമായി വരുന്നത്. സിപിഐഎമ്മിന് മനസാക്ഷിയുണ്ട് അതുകൊണ്ടാണ് സഹായസന്നദ്ധത അറിയിക്കുന്നത് എന്നും പത്മജ പറഞ്ഞു.

എംഎൽഎമാരായ എ പി അനിൽകുമാർ, ടി സിദ്ദിഖ് എന്നിവർ ആവശ്യപ്പെട്ടത് പ്രകാരമാണ് വായ്പാ തിരിച്ചടവിൻ്റെ തുടർ നടപടികൾ എടുക്കാത്തത് എന്ന് കോൺഗ്രസ് ഭരിക്കുന്ന ബത്തേരി അർബൻ ബാങ്ക് പ്രസിഡൻ്റ് ഡി പി രാജശേഖരൻ പറഞ്ഞു. നിലവിൽ 63 ലക്ഷം രൂപ എൻ എം വിജയന് വായ്പാ കുടിശിക ഉണ്ട്. 2007ൽ ആണ് ബിസിനസ് ലോൺ എടുത്തു തുടങ്ങിയത്. ഇതുവരെ നോട്ടീസ് നൽകിയിട്ടില്ല എന്നും രാജശേഖരൻ. കോൺഗ്രസിന് വേണ്ടിയാണ് വീടും സ്ഥലവും പണയംവെച്ച പണം ചിലവഴിച്ചത് എന്നായിരുന്നു എൻ എം വിജയൻ്റെ കുടുംബത്തിൻ്റെ ആരോപണം. ഇതിൻ്റെ ഉത്തരവാദിത്തം പാർട്ടിക്ക് ഉണ്ട് എന്നും കുടുംബം വ്യക്തമാക്കിയിരുന്നു.