ഹൈദരാബാദിൽ സ്കൂളിനുള്ളിൽ ലഹരിമരുന്ന് നിർമിച്ച സ്കൂൾ ഉടമയടക്കം മൂന്ന് പേർ പിടിയിൽ. സ്കൂളിലെ രണ്ടാം നിലയാണ് ലഹരിമരുന്ന് നിർമാണത്തിനായി ഉപയോഗിച്ചിരുന്നത്. അൽപ്രാസൊലാം എന്ന ലഹരിമരുന്നാണ് തെലങ്കാന പൊലീസിന്റെ ഈഗിൾ ടീം കണ്ടെത്തിയത്. 7 കിലോ അൽപ്രാസൊലാം, രാസവസ്തുക്കൾ, 21 ലക്ഷം രൂപ എന്നിവയടക്കമാണ് പിടികൂടിയത്.
തെലങ്കാന പൊലീസിലെ എലൈറ്റ് ആക്ഷൻ ഗ്രൂപ്പ് ഫോർ ഡ്രഗ് ലോ എൻഫോഴ്‌സ്‌മെന്റ് (ഈഗിൾ) സംഘം, വലിയ തോതിലുള്ള മയക്കുമരുന്ന് ഉൽപാദനത്തിനായി ഉപയോഗിക്കുന്ന എട്ട് റിയാക്ടറുകളും ഡ്രയറുകളും ഘടിപ്പിച്ച കെമിസ്ട്രി ലാബ് കണ്ടെത്തിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിൽ സ്കൂളിൽ പ്രവർത്തിക്കുന്ന യൂണിറ്റ് കണ്ടെത്തിയത്. സ്കൂളിന്റെ ഉടമയായ ജയപ്രകാശ് ഗൗട്ടാണ് ലഹരിമരുന്ന് നിർമാണത്തിന് നേതൃത്വം നൽകിയതെന്നാണ് കണ്ടെത്തൽ.
സ്കൂൾ ഉടമയെയും ഇയാളുടെ രണ്ട് സഹായികളെയുമാണ് അറസ്റ്റ് ചെയ്തത്. കെട്ടിടത്തിന്റെ താഴത്തെ നിലയിലും ഒന്നാം നിലയിലും സ്കൂൾ ക്ലാസുകൾ നടന്നിരുന്നത്. ആറുമാസത്തോളമായി യൂണിറ്റിലെ പ്രവർത്തനങ്ങൾ നടന്നുവരികയായിരുന്നു. ആഴ്ചയിൽ ആറ് ദിവസം യൂണിറ്റ് നടത്തിയിരുന്നത്. ഞായഴ്ചകളിലാണ് ഇവിടെ നിർമിക്കുന്ന ലഹരിമുരുന്നുകൾ വിതരണം ചെയ്തിരുന്നത്.